തിരുവനന്തപുരം: തലസ്ഥാനത്ത് കോൾസെൻ്റർ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യാന്തര ശൃംഖലയിലെ കണ്ണികളാണ് പിടിയിലായത്. കേരളത്തിൻറെ മുഖ്യ ചുമതലക്കാരൻ ആകാശ് ചൗധരിയാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇവർക്ക് കോൾ സെൻറർ ഉണ്ട്. തട്ടിപ്പുകാർക്ക് യുഎസിൽ നിന്നാണ് സഹായം ലഭിക്കുന്നത്. തട്ടിയെടുത്ത പണം ബിറ്റ്കോയിനിലേക്ക് മാറ്റി.
അമേരിക്കൻ ശൈലിയിൽ സംസാരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുകയും പ്രോസസിങ് ഫീസ് ഇനത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തശേഷം ഫോൺ കോളുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയുമായിരുന്നു ശൈലി.
നൂറു കോടിയോളം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ശ്രീകാര്യം പോങ്ങുംമൂട് പാലാഴി ബിൽഡിങ്‌സിൽ ഒന്നരമാസമായി പ്രവർത്തിച്ചിരുന്ന ‘ശ്രീധർ കോ ഇൻവോടെക് എൽ.എൽ.പി.’ എന്ന തട്ടിപ്പ് കേന്ദ്രത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പരിശോധന നടത്തിയത്.

