അവിഹിതം ആരോപിച്ച് 20കാരിയെ വെടിവെച്ച് കൊന്നു;പാക്കിസ്ഥാനില്‍ വീണ്ടും ‘കാരോ-കാരി’; 21-ാം നുറ്റാണ്ടിലും ദുരഭിമാനക്കൊലകള്‍ തുടരുമ്പോള്‍!

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

എം മാധവദാസ്

പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വ്യാപകമായി നിലനില്‍ക്കുന്ന ഭീകരമായ ഒരു ദുരാചാരമാണ് ‘കാരോ-കാരി’. ‘കാരോ’ എന്നാല്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനാണ്്. ‘കാരി’ എന്നാല്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയും. ‘കറപുരണ്ടത്’, അല്ലെങ്കില്‍ ‘അപമാനിക്കപ്പെട്ടത്’ എന്നാണ് ഇതിനര്‍ത്ഥം. പ്രണയം, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കല്‍, വിവാഹേതര ബന്ധങ്ങള്‍, അല്ലെങ്കില്‍ അപവാദങ്ങള്‍ എന്നിവയുടെ പേരില്‍ ഒരു വ്യക്തിയെ ‘കാരോ’ അല്ലെങ്കില്‍ ‘കാരി’ ആയി പ്രഖ്യാപിക്കുന്നത് പതിവാണ് ഇവിടെ. കുടുംബത്തിലെ മുതിര്‍ന്നവരോ അല്ലെങ്കില്‍ ‘ജിര്‍ഗ’ എന്നറിയപ്പെടുന്ന അനൗദ്യോഗിക ഗോത്രപഞ്ചായത്തുകളോ ആണ് ഇത്തരം ശിക്ഷകള്‍ വിധിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സര്‍ക്കാര്‍ 2004-ല്‍ കാരോ-കാരി നിയമവിരുദ്ധമാക്കുകയും 2016-ല്‍ ദുരഭിമാനക്കൊലകള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്തു. പക്ഷേ എന്നിട്ടും ഈ ആധുനിക കാലത്തും കാരോ- കാരി ആ നാട്ടില്‍ തുടരുകയാണ്. എറ്റവും ഒടുവിലായി കഴിഞ്ഞ ദിവസവും ഇവിടെ ഒരു യുവതി കാരോ- കാരിയുടെ പേരില്‍ കൊല്ലപ്പെട്ടു. കറാച്ചിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ഖൈര്‍പൂര്‍ ജില്ലയിലെ ഗ്രാമമായ തണ്ടോ മസ്തിയില്‍ ഖാലിദ ചന്ദിയോഎന്ന യുവതിയാണ് ദുരഭിമാനത്തിന്റെ ഇരയായത്.

വീണ്ടും ദുരഭിമാനക്കൊല

20 വയസപ്രായമുള്ള ഖാലിദ ചന്ദിയോയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി വെടിവെച്ച്‌കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ക്രൂരത ചെയ്തത് കുട്ടികളുടെ ബന്ധുക്കളായിരുന്നു. വിവാഹേതര ബന്ധമായിരുന്നു യുവതിക്ക് മേല്‍ കണ്ടെത്തിയ കുറ്റം.അഞ്ച് വര്‍ഷം മുമ്പാണ് ഖാലിദ തന്റെ അമ്മയുടെ സഹോദരന്റെ മകനായ ബന്ധുവിനെ വിവാഹം കഴിച്ചത്. കറാച്ചിയിലെ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു അയാള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം അയാളെ കാണാതായി. തുടര്‍ന്ന് അവള്‍ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്കമടങ്ങിപ്പോയി. ഇക്കഴിഞ്ഞ ഏപ്രില്‍ 10-ന് രാത്രി ചേര്‍ന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും യോഗമാണ് ഖാലിദയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. തുടര്‍ന്ന് ജിര്‍ഗയെന്ന് വിളിക്കുന്ന ഗോത്രമൂപ്പന്മാരുടെ സഭ ഖാലിദയെ ‘കാരി’യായി പ്രഖ്യാപിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മുത്തശ്ശനും അമ്മാവനും ചേര്‍ന്ന് ഖാലിദയെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.’മകള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി തോന്നിയിരുന്നെങ്കില്‍ അവരവളെ പോലീസിന് കൈമാറണമായിരുന്നു. എങ്കില്‍ അവള്‍ ഇന്ന് ഏതെങ്കിലും അഭയകേന്ദ്രത്തിലെങ്കിലും ജീവനോടെയുണ്ടായേനെ…’ ഖാലിദയുടെ പിതാവ് മുഹമ്മദ് റംസാന്‍ കണ്ണീരോടെ പറയുന്നു. അന്തസ് സംരക്ഷിക്കാനെന്ന പേരില്‍ കൊലപാതകം ചില കുറ്റവാളികള്‍, തങ്ങള്‍ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ‘അഭിമാനക്കൊല’ നടത്തിയ ഉടന്‍ തന്നെ അഭിമാനത്തോടെ കീഴടങ്ങാറുണ്ട്. എന്നാല്‍ വിചാരണ തുടങ്ങുമ്പോള്‍, ഇതില്‍ പലരും കുറ്റം പൂര്‍ണ്ണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്. കോടതിയില്‍ വെച്ച് അന്വേഷണത്തിലെയും പ്രോസിക്യൂഷനിലെയും പോരായ്മകള്‍ മുതലെടുത്ത് നിയമത്തില്‍ നിന്ന് ഊരിപ്പോരാനാണ് കുറ്റവാളികള്‍ ശ്രമിക്കുന്നത്.

ആരോപണം നേരിടുന്ന പുരുഷനും സ്ത്രീയും ‘ജിര്‍ഗ’ നിയമപ്രകാരം വധിക്കപ്പെടേണ്ടവരാണെങ്കിലും, പ്രായോഗികമായി ഭൂരിഭാഗം കേസുകളിലും കൊലചെയ്യപ്പെടുന്നത് സ്ത്രീകളാണ്. പലപ്പോഴും വസ്തുതര്‍ക്കങ്ങള്‍ പരിഹരിക്കാനും, കുടുംബസ്വത്ത് തട്ടിയെടുക്കാനും, വ്യക്തിവൈരാഗ്യം തീര്‍ക്കാനുമൊക്കെ സ്ത്രീകളെ ‘കാരി’ ആയി മുദ്രകുത്തി വധിക്കാറുണ്ട്.

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

ഇത് ഖാലിദയുടെ മാത്രം കഥയല്ല, ഓരോ വര്‍ഷവും പാക്കിസ്ഥാനില്‍ ദുരഭിമാനകൊലകള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2025-ല്‍ മാത്രം പാക്കിസ്ഥാനില്‍ കുറഞ്ഞത് 470 ദുരഭിമാനക്കൊലകള്‍ നടന്നതായാണ് കണക്കുകള്‍. ഇതില്‍ 126 എണ്ണം സിന്ധ് പ്രവിശ്യയിലായിരുന്നു. ഈ വര്‍ഷം ജനുവരി 1 – ജൂണ്‍ 20 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ സിന്ധില്‍ മാത്രം കൊല്ലപ്പെട്ടത് 112 സ്ത്രീകളാണ്.

ദാരിദ്ര്യം, പാരമ്പര്യമായി കൈമാറിവന്ന പുരുഷാധിപത്യ മനോഭാവം, വിദ്യാഭ്യാസക്കുറവ് എന്നിവയാണ് ഇതിന്റെ പ്രധാന കാരണം. മനുഷ്യാവകാശ സംഘടനകളുള്‍പ്പടെ ഇതിനെതിരെ പൊരുതുന്നുണ്ടെങ്കിലും അത് ഇവിടുത്തെ ജനങ്ങളുടെ പ്രാകൃതചിന്താ ഗതി മാറ്റുന്നില്ലായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്. അതിക്രൂരമായ ആസിഡ് ആക്രമണങ്ങള്‍, നിര്‍ബന്ധിത ബാലവിവാഹം, ബലാത്സംഗം, മനുഷ്യക്കടത്ത്, ഗാര്‍ഹിക പീഡനം എന്നിവയാല്‍ ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി പാകിസ്ഥാന്‍ മാറിയെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ അടിവരയിടുന്നു. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് സ്വന്തം ബന്ധുക്കള്‍ തന്നെ നടത്തുന്ന ‘ദുരഭിമാനക്കൊലകളില്‍’ പ്രതിവര്‍ഷം നൂറുകണക്കിന് ജീവനുകളാണ് പൊലിയുന്നത്. 2024-ല്‍ സക്കൂര്‍ ബാരേജ് ജലസേചന കനാലില്‍ നിന്ന് തിരിച്ചറിയാത്ത 30 സ്ത്രീകളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ ഭൂരിഭാഗവും ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കണക്കിലെടുത്താല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും എത്രയോ മടങ്ങായിരിക്കും.

insight kerala

ഇതിനുപുറമെ അയ്യായിരത്തിലധികം ബലാത്സംഗങ്ങളും രണ്ടായിരത്തിലേറെ ഗാര്‍ഹിക പീഡന കേസുകളും അതേവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നില്‍ രണ്ട് സ്ത്രീകള്‍ക്കും സ്വന്തം പ്രത്യുല്‍പാദന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് 2025-ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ നടത്തുന്ന വിവാഹങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം സാധുവാണെന്ന ലാഹോര്‍ ഹൈക്കോടതിയുടെ വിവാദ വിധി ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള ലിംഗസമത്വ സൂചികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് പാക്കിസ്ഥാന്‍. ദാരിദ്ര്യവും വിവേചനവും കാരണം 2.1 കോടിയോളം കുട്ടികളാണ് ഇവിടെ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കഴിയുന്നത്.

Share This Article