തൃശൂര്‍: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹിയിലെ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മുകളില്‍ നില്ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയില്‍ എവിടെയായാലും പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കപ്പെടണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെയെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം സിനിമാതാരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, ടൊവിനോ, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, അമല്‍ നീരദ് തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് മഞ്ജു വാര്യരും ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

