എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി സർക്കാറിന് കൈമാറി

insight kerala

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ADGP എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് ഡിജിപി റിപ്പോർട്ട് കൈമാറിയത്. രണ്ടുദിവസം മുമ്പാണ് എഡിജിപി വിശദീകരണം നൽകിയത്. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടു എന്നാണ് എസ് ഐ ടി യുടെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്. റിപ്പോർട്ടിൽ വ്യക്‌തത തേടി ഡിജിപി മടക്കി അയച്ച റിപ്പോർട്ടാണ് എസ്.ഐ.ടി രണ്ടാമതും നൽകിയത്. ഇതിൽ വിശദീകരണം തേടിയ ഡിജിപിക്ക് അജിത് കുമാർ മറുപടി നൽകിയിരുന്നു. തനിക്കുമേൽ ആരോപിക്കപ്പെട്ട മുഴുവൻ കുറ്റവും നിഷേധിച്ചുകൊണ്ടാണ് അജിത് കുമാർ വിശദീകരണം നൽകിയത് എന്നാണ് സൂചന. സാവകാശവും തേടിയിരുന്നു. എന്നാൽ അത് തള്ളിയാണ് ഡിജിപി ഇപ്പോൾ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിരിക്കുന്നത്.

ഇത്രയും നാൾ അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. അപ്പോഴൊക്കെ റിപ്പോർട്ട് സർക്കാറിന് മുന്നിൽ എത്തിയില്ല എന്ന വാദമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിച്ചിരുന്നത്. ഇനി സർക്കാറിനു മുന്നിൽ എത്തിയ റിപ്പോർട്ടിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Share This Article