കൊച്ചി : വിരമിച്ച ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിരമിച്ച ശേഷം ഔദ്യോഗിക ചിഹ്‌നം ഉപയോഗിച്ചതിനാണ് നോട്ടീസ്. താമരശ്ശേരി സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഈ മാസം 31നകം തച്ചങ്കരി മറുപടി നൽകണം.
സർവീസിൽ നിന്ന് വിരമിച്ച ശേഷവും കാറിൽ നക്ഷത്ര ചിഹ്നം വച്ച് യാത്ര ചെയ്‌തതിന് ടോമിൻ തച്ചങ്കരിക്ക് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ പിഴയിട്ടിരുന്നു. 250 രൂപയാണ് പിഴ ചുമത്തിയത്. ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം നടപടിയെടുത്തത്.
സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചത് വിവാദമായിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് നക്ഷചിഹ്നമുള്ള ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

