‘ പോളണ്ടിനെപ്പറ്റി ഒരക്ഷരം നീ മിണ്ടിപ്പോവരുത് , എനിക്കതിഷ്ടല്ല ‘ എ എന്തായിരിക്കും അത്രമേൽ ഇഷ്ടക്കേടിന് കാരണം ?

insight kerala

എന്തിനായിരിക്കാം സഖാവ് കോട്ടപ്പള്ളി ‘ പോളണ്ടിനെപ്പറ്റി ഒരക്ഷരം നീ മിണ്ടിപ്പോവരുത് , എനിക്കതിഷ്ടല്ല ‘ എന്ന് പറഞ്ഞത് ? എന്തായിരിക്കും അത്രമേൽ ഇഷ്ടക്കേടിന് കാരണം ?

മാധ്യമപ്രവർത്തകൻ ടി. അരുൺകുമാർ എഴുതുന്നു

രണ്ടാം ലോക മഹായുദ്ധാനന്തരം പോളണ്ട് സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിൻ കീഴിലായി. പോളണ്ടിൽ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം നിലവിൽ വന്നു. അതിന് മുമ്പ് തന്നെ ഹിറ്റ്ലറും സ്റ്റാലിനും തമ്മിലുള്ള ധാരണ പ്രകാരം ഫാസിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒന്നിച്ച് പോളണ്ടിനെ ആക്രമിക്കുകയും പങ്കിട്ടെടുക്കുകയും ചെയ്തു. പോളിഷ് ജനതയുടെ 20 % ത്തെയാണ് ഇരുവരും കൂടി കൊന്നൊടുക്കിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇവിടെ നിന്നും പിന്നെയും നാല് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് പോളണ്ടിൽ സോളിഡാരിറ്റി’ എന്ന സ്വതന്ത്ര തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെട്ടത്. 1980-ൽ ഗ്ഡാൻസ്ക് (Gdańsk) കപ്പൽശാലയിലെ തൊഴിലാളികൾ ഈ സംഘടനയ്ക്ക് കീഴിൽ വിലക്കയറ്റത്തിനും മോശം ജീവിതസാഹചര്യങ്ങൾക്കും എതിരെ സമരം തുടങ്ങി. ലെക് വലേസ (Lech Wałęsa) എന്ന ഇലക്ട്രീഷ്യൻ ഈ സമരത്തിന്റെ നേതാവായി ഉയർന്നുവന്നു.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഭരണകൂടത്തിന് കീഴിലല്ലാത്ത സ്വതന്ത്ര യൂണിയനുകൾ നിരോധിക്കപ്പെട്ടിരുന്ന കാലത്താണ് സോളിഡാരിറ്റി രൂപീകൃതമാവുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പോളണ്ടിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ പ്രസ്ഥാനത്തിൽ അംഗങ്ങളായി.

സോളിഡാരിറ്റി പ്രസ്ഥാനം വളർന്നു പന്തലിക്കുന്നത് കണ്ട് ഭയന്ന പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി ജനറൽ വോയ്ചെക് യാരുസെൽസ്കി (Wojciech Jaruzelski) 1981-ൽ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു.

ഇതേത്തുടർന്ന് സോളിഡാരിറ്റി നിരോധിക്കപ്പെട്ടു, ലെക് വലേസ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് നേതാക്കൾ ജയിലിലായി. എന്നാൽ സോളിഡാരിറ്റി തകർന്നുപോയില്ല. അവർ അണ്ടർഗ്രൗണ്ടിൽ ( പെണ്ണ് കാണാൻ പോയപ്പോൾ നമ്മുടെ കോട്ടപ്പള്ളി സൂചിപ്പിച്ച ആ സാധനം തന്നെ ) പ്രവർത്തനം തുടർന്നു.

പോളണ്ടുകാരനായ ആദ്യത്തെ മാർപ്പാപ്പയായി ജോൺ പോൾ രണ്ടാമൻ 1978-ൽ തെരഞ്ഞെടുക്കപ്പെട്ടത് പോളിഷ് ജനതയ്ക്ക് വലിയ ആത്മവിശ്വാസം നൽകി. 1979-ൽ അദ്ദേഹം പോളണ്ട് സന്ദർശിച്ചപ്പോൾ ‘ ഭയപ്പെടേണ്ട ‘ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഭയന്ന് കഴിഞ്ഞിരുന്ന ജനങ്ങളെ തെരുവിലേക്ക് എത്തിച്ചു.

ഇതിനിടയിൽ സോവിയറ്റ് യൂണിയനിൽ സാമ്പത്തിക തകർച്ച വന്നു ; ഗ്ലാസ്‌തനോസ്തും പെരിസ്ട്രോയിക്കയും വന്നു . ഇതോടെ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ പഴയതുപോലെ സൈനികമായി ഇടപെടില്ല എന്ന നയം ഗോർബച്ചേവ് സ്വീകരിച്ചു. ഇത് പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ദുർബലമാക്കി.

1988-ഓടെ പോളിഷ് ഇക്കണോമി പൂർണ്ണമായും തകർന്നു. ജനകീയ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമായതോടെ കമ്മ്യൂണിസ്റ്റ് സർക്കാരിന് സോളിഡാരിറ്റിയുമായി ചർച്ചയ്ക്ക് ഇരിക്കേണ്ടി വന്നു. സോളിഡാരിറ്റിയെ വീണ്ടും നിയമവിധേയമാക്കാനും രാജ്യത്ത് ഭാഗികമായി ജനാധിപത്യ തിരഞ്ഞെടുപ്പ് നടത്താനും സർക്കാർ സമ്മതിച്ചു. 1989 – ജൂണിൽ നടന്ന ഈ തിരഞ്ഞെടുപ്പിൽ സോളിഡാരിറ്റി വൻ വിജയം നേടി. സെനറ്റിലെ 100-ൽ 99 സീറ്റുകളും അവർ തൂത്തു വാരി. ഇതേത്തുടർന്ന് 1989 ഓഗസ്റ്റിൽ ‘തഡ്യൂസ് മസോവിക്കി ‘ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര പ്രധാനമന്ത്രിയായി അധികാരമേറ്റു. 1990-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണ്ണമായി പിരിച്ചുവിടപ്പെടുകയും, സോളിഡാരിറ്റി നേതാവ് ‘ലെക് വലേസ പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇതാണ് സിനിമയിൽ പ്രകാശൻ പറയുന്ന ‘ സോളിഡാരിറ്റിയും ലെക് വലേസയും കുതിച്ച് കയറി അടിയറവ് ( കമ്യൂണിസ്റ്റ് സർക്കാരിനെ ) പറയിപ്പിച്ചില്ലേ ? ‘ എന്ന സംഭാഷണത്തിന് ആധാരം.

ഇന്ന് യൂറോപ്യൻ യൂണിയനിലെ തന്നെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള രാജ്യങ്ങളിൽ മുമ്പന്തിയിലാണ് പോളണ്ട്. പോളണ്ടിന്റെ ജി.ഡി.പി ഇപ്പോൾ 1.13 ട്രില്യൺ ഡോളർ കടന്നിട്ടുണ്ട്. പോളിഷ് സാഹിത്യവും സിനിമയും മനുഷ്യ സംസ്‌കാരത്തെ മറ്റൊരു തലത്തിൽ സാർത്ഥകമാക്കിക്കൊണ്ടിരിക്കുകയും.

insight kerala

ഇനി പറയൂ , പോളണ്ടിനെപ്പറ്റി പറഞ്ഞാൽ കോട്ടപ്പള്ളിക്ക് വേദനിക്കാതിരിക്കുന്നതെങ്ങിനെ ?

Share This Article