പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ ; ജോയിനിംഗ് റിപ്പോർട്ടിൽ പ്രതിഷേധം രേഖപ്പെടുത്തി

insight kerala

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ റീന കെ ജെ ചുമതലയേറ്റു. സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെയാണ് ചുമതലയേറ്റത്. ജോയിനിങ് റിപ്പോർട്ടിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് റീന ചുമതലയേറ്റത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ പോരാട്ടം തുടരുമെന്ന് ജോയിനിംഗ് ലെറ്ററിൽ ഡോ റീന രേഖപ്പെടുത്തി.

സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞുളള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ സ്റ്റേ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ട്രൈബ്യൂണല്‍ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവച്ചത്. ഡിഎച്ച്എസ് സ്ഥാനത്തു നിന്ന് ഡോക്ടര്‍ റീനയെ ജൂണ്‍ 12 നാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ജൂണ്‍ 13ന് ഡോ. മീനാക്ഷി ഡിഎച്ച്എസിന്‍റെ ചുമതലയേറ്റെടുക്കുകയും ചെയ്തു. ജൂണ്‍ 18നാണ് റീനയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തുളള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നത്. പുതുതായി നിയോഗിക്കപ്പെട്ട ആള്‍ ചുമതലയേറ്റെടുത്ത സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിലൂടെ നിയമനം സ്റ്റേ ചെയ്തതില്‍ അപാകതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നടപടിയിലെ സാങ്കേതിക വീഴ്ച മാത്രം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

സ്ഥലം മാറ്റത്തില്‍ ഡോക്ടര്‍ റീനയ്ക്ക് പരാതിയുണ്ടെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ വീണ്ടും സമീപിക്കാമെന്നും വിശദമായ വാദം കേട്ട ശേഷം ട്രൈബ്യൂണലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. മന്ത്രിയുമായുളള അഭിപ്രായ ഭിന്നതകള്‍ക്ക് പിന്നാലെയായിരുന്നു ഡോക്ടര്‍ റീനയുടെ സ്ഥലം മാറ്റവും പിന്നാലെയുണ്ടായ വിവാദവും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article