എം.എസ്. സനില്‍കുമാര്‍
വിഷയം:
കോഴിക്കോട് 2018 ഇൽ ഉണ്ടായ നിപ ഔട്ട് ബ്രേക്ക്
ഇപ്പോഴത്തെ ഈ വാര്‍ത്തയ്ക്ക് ആധാരം:
അന്നത്തെ നിപ ഔട്ട് ബ്രേക്കിൽ ജീവൻ നഷ്ടമായ സാബിത്തിന്റെയും സാലിഹിന്റെയും സഹോദരന് സർക്കാർ ജോലി നൽകുന്ന കാര്യം പരിഗണിക്കുന്ന സാഹചര്യം.
ആദ്യം പശ്ചാത്തലം.
അന്താരാഷ്ട്ര പ്രശസ്തമായ മെഡിക്കൽ ജേർണലുകൾ ആയ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളിലാണ് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയവര്‍:
കേരള സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന രാജീവ് സദാനന്ദന്, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്സണ്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ തന്നെ കാതറിന്, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനേ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്, ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോര്‍ട്ടുകള്‍.
നിപ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് ഈ റിപ്പോർട്ട് വരുന്നതിന് മുൻപ് പുറത്തുവിട്ട പ്രധാന വിവരങ്ങള്‍:
19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 17 പേര് മരിച്ചു. രണ്ടുപേര്‍ രക്ഷപെട്ടു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരിലെ ഏക ആരോഗ്യപ്രവര്‍ത്തകയാണ് ലിനി. ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത് രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിഞ്ഞുവെന്നതാണ്. മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന് സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.
ഇനി പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറത്തുവരുന്ന വിവരം…
മൊത്തം 23 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 21 പേര് മരിച്ചു. സിസ്റ്റര്‍ ലിനി മാത്രമല്ല നിപ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റ് സുധ ആണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്. മെയ് 19ാം തീയതിയാണ് സുധ മരിക്കുന്നത്. മെയ് 20ന് ലിനി മരിക്കുന്നു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നത്.
ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്:
കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി അഞ്ച് രോഗികള്‍ നിപ ബാധിച്ച് മരിച്ചിട്ടും അത് തിരിച്ചറിയാന്‍ നമ്മുടെ സര്‍വൈലന്‍സ് സിസ്റ്റത്തിന് കഴിഞ്ഞില്ല. ആറാമത്തെ രോഗിയായ സാലിഹ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമാണ് നിപ രോഗം തിരിച്ചറിയപ്പെടുന്നത്. നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യവകുപ്പ് സ്റ്റാഫ് സിസ്റ്റര്‍ ലിനി മാത്രമാണെന്നായിരുന്നു അതുവരെയുള്ള വിവരം. സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്ല സഹായങ്ങള്‍ ചെയ്തു. കുടുംബത്തിന് സാമ്പത്തിക സഹായം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി എന്നിവ നല്കി. എന്നാല്‍ ലിനിക്ക് മുന്നേ മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റ് സുധയുടെ കുടുംബം ഇപ്പോഴും ഇരുട്ടില്‍. അവര്‍ക്ക് ഒരു സഹായവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല. നിപ ലിസ്റ്റില്‍ അവരുടെ പേര് ഉള്‍പ്പെടുത്തി പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യസംഘടന വരെ ലിനിയുടെ സേവനത്തെ ആദരിച്ചതാണ്. ആ ആദരം ആരുമറിയാതെ സേവനത്തിനിടെ നിപ ബാധിച്ച് മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റും അര്‍ഹിക്കുന്നില്ലേ.
…………………………
കേരളത്തിൽ നിപയെ പിടിച്ചു കെട്ടി എന്ന് ഇടത് ഹാൻഡിലുകൾ കൊട്ടിഘോഷിക്കുന്ന ആരോഗ്യമന്ത്രി ആണ് ഷൈലജ. ഇവർ ഊതി വീർപ്പിച്ച ഒരു പി ആർ ബലൂൺ മാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ പറഞ്ഞ സംഭവം. നിപ പൊട്ടിപ്പുറപ്പെട്ട് രണ്ടാമത്തെ രോഗിയിൽ തന്നെ രോഗം തിരിച്ചറിഞ്ഞു എന്നായിരുന്നു ഷൈലജ ടീച്ചറുടെ അവകാശവാദം.
………………………….
അന്ന് ന്യൂസ് സ്കൂപ്പിൽ. ഞാൻ എക്സ്ക്ലൂസീവ് വാർത്ത എഴുതി. സർക്കാർ അവകാശവാദം തെറ്റാണ്. 5 പേർ മറിച്ചതിന് ശേഷം ആണ് കേരളത്തിൽ നിപ തിരിച്ചറിഞ്ഞത്. നിപ ബാധിച്ച് മരിച്ച കേരളത്തിലെ ആദ്യ ആരോഗ്യ പ്രവർത്തക സിസ്റ്റർ ലിനി അല്ല. റേഡിയോളജി അസിസ്റ്റന്റ് സുധ ആണ്.
ഈ വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് കേരളത്തിന്റെ സ്വന്തം നിപ രാജകുമാരി ഷൈലജ ചെയ്തത് എന്താണെന്ന് അറിയുമോ? എനിക്കെതിരെ കേസ് എടുത്തു. വാർത്ത തെറ്റാണെന്ന് പറഞ്ഞ്.
.,……………………
എന്റെ വാർത്ത വന്നു അൽപദിവസങ്ങൾക്കകം രാജീവ് സദാനന്ദൻ ഉൾപ്പെടെയുള്ള ഗവേഷക സംഘത്തിന്റെ മേൽപ്പറഞ്ഞ റിപ്പോർട്ട് വന്നു. എന്റെ വാർത്തയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ആ റിപ്പോർട്ട്. നിപ രാജകുമാരി ഇത് വരെ ആ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
…………………………
2018 ലെ നിപ രോഗബാധയിൽ സർക്കാർ കണക്ക് തെറ്റാണെന്ന് കേരളത്തിലെ പബ്ലിക് ഹെൽത്തിലെ ഡോക്ടർമാരും ആരോഗ്യ സംവിധാനങ്ങളും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ ഇപ്പോഴും സുധ വിസ്മൃതിയിലാണ്. ആരാരുമറിയാതെ . ആദ്യ നിപ രോഗി സാബിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിൽ എത്തിച്ചോൾ ഡ്യൂട്ടിയിലുണ്ടായിരുന്നു റേഡിയോളജി അസിസ്റ്റന്റ് ആയ സുധ. അവിടെ വച്ച് സാബിത്ത് ഛർദ്ദിച്ചു. ഈ ഛർദി ട്രേയിൽ സ്വീകരിച്ചതാണ് സുധ. ഈ സ്രവത്തിൽ നിന്നായിരിക്കാം സുധയ്ക്ക് രോഗം പകർന്നത്. എന്നാൽ അത് തിരിച്ചറിയപ്പെടാതെ പോയി.
………………………..
സിസ്ററർ ലിനിക്ക് കിട്ടിയ ആദരവും അംഗീകാരവും സുധയും അർഹിക്കുന്നുണ്ട്. സുധയുടെ കുടുംബവും സംരക്ഷിക്കപ്പെടണം. ഷൈലജ ടീച്ചറുടെ മനസ്സാക്ഷിയില്ലായ്മ ആരോഗ്യ മന്ത്രി കെ.മുരളീധരന് ഉണ്ടായിക്കൂടാ. സുധയുടെ ജീവത്യാഗം കേരളസമൂഹം ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

