സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

insight kerala

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിഎംആർഎല്ലിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടർ നടപടികൾ ഉണ്ടാകരുതെന്ന് ഇഡിയോട് നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നടപടികളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം, വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാണിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്. എന്നാൽ, ഇഡിക്ക് അന്വേഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫൻസ് കേസിൽ ഇതുവരെ വെളിവായിട്ടില്ലെന്ന് സിഎംആർഎൽ കോടതിയിൽ ആവർത്തിച്ചു.

Share This Article