തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച സസ്പെൻസ് അവസാനിപ്പിക്കാൻ നാളെ ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം ജനങ്ങളുമായി സംവദിക്കാനാണ് അണ്ണാമലൈയുടെ നീക്കം. തുറന്ന ഹൃദയത്തോടെയാകും തന്റെ ആശയവിനിമയമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് അണ്ണാമലൈ പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് പൂർണ്ണമായി മൗനം പാലിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. തന്റെ കുറിപ്പിൽ എവിടെയും ബിജെപിയെക്കുറിച്ചോ പാർട്ടി നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. ബിജെപി വിടുമെന്ന സൂചനകൾക്കിടയിൽ ഇത്തരമൊരു പോസ്റ്റ് വന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. സുഹൃത്തുക്കൾക്കും മുതിർന്നവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തമിഴ്നാടിന്റെ ശോഭനമായ ഭാവിക്കായി അധ്വാനിക്കാൻ ജനങ്ങളുടെ സ്നേഹം ഊർജ്ജമായെന്നും കുറിച്ചു.
തിങ്കളാഴ്ച ദില്ലിയിലെത്തിയ അണ്ണാമലൈ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാതെ മടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വൈകീട്ടോടെ ബിജെപിയുടെ രാജ്യസഭാ പട്ടിക പുറത്തുവന്നതും രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായി. തമിഴ്നാട്ടിലെ കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിനായി സമർപ്പണത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുമ്പോഴും ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്. നാളെ നടക്കാനിരിക്കുന്ന തത്സമയ സംഭാഷണത്തോടെ ഈ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകും.
