പത്രസമ്മേളനത്തിൽ “ശ്രീറാം വെങ്കിട്ടരാമനെ ബഹിഷ്‌കരിച്ച്” മാധ്യമപ്രവർത്തകർ; മന്ത്രി ഇടപെട്ടു; ശ്രീറാം ഇറങ്ങിപ്പോയി

insight kerala

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുമ്പോൾ സഭയിലെ മീഡിയാ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖിൻ്റെ വാർത്ത സമ്മേളനം നടക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിന്റെ മധ്യേ, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മീഡിയാ റൂമിൽ കടന്നുവന്ന് മന്ത്രിയുടെ സമീപത്തിരുന്നു. അപ്പോഴേക്കും മാധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്തു. തങ്ങളുടെ സഹപ്രവർത്തകനായ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അതിനാൽ മീഡിയ റൂമിലെ വാർത്താ സമ്മേളനത്തിൽ ശ്രീറാം പങ്കെടുക്കാൻ പാടില്ല എന്ന് മാധ്യമപ്രവർത്തകർ കർശനമായി വിലക്കി. മന്ത്രി വാർത്താ സമ്മേളനം നടത്തുമ്പോൾ തന്നെ മാധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്തു. എന്നാൽ പത്രസമ്മേളനത്തിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞെങ്കിലും മാധ്യമപ്രവർത്തകർ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതിനിടെ പ്രശ്നം വഷളാകുമെന്നു കണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് പുറത്തുപോകാൻ ശ്രീറാം ശ്രമിച്ചെങ്കിലും മന്ത്രി തടയുകയായിരുന്നു. അപ്പോഴേക്കും മാധ്യമപ്രവർത്തകർ സമ്മേളനം ബഹിഷ്കരിച്ച് പുറത്തു പോകാൻ എഴുന്നേറ്റു. ഇതോടെ ശ്രീറാം വെങ്കിട്ടരാമൻ മന്ത്രിയോട് പറഞ്ഞ് പുറത്തേക്ക് പോവുകയായിരുന്നു. കൂടുതൽ പ്രശ്നമുണ്ടാകുമെന്ന് മനസിലായതോടെ മന്ത്രി ശ്രീറാമിനെ തടയാനും ശ്രമിച്ചില്ല. ഇതോടെ പുറത്തേക്ക് പോയ മാധ്യമപ്രവർത്തകർ അകത്ത് പ്രവേശിച്ച് പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെയും പൊലീസിന്‍റെയും നീക്കം പൊളിയുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article