എം മാധവദാസ്
കോഴിക്കോട്: വിഖ്യാത ചലച്ചിത്രകാരന് ജോണ്‍ എബ്രഹാമിന്റെ വിപ്ലവാത്മക ചിത്രമായ ‘അമ്മ അറിയാന്‍’, റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2026-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചത് ചരിത്രമായിരിക്കയാണ്. 1986-ല്‍ ഇറങ്ങിയ ചിത്രത്തിന്റെ 4കെ റീസ്റ്റോറേഷന് പതിപ്പിന്റെ വേള്‍ഡ് പ്രീമിയര്‍ ആയിരുന്നു കാനില്‍ നടന്നത്. ലോകമെമ്പാടുമുള്ള പഴയകാല ക്ലാസിക് സിനിമകളെ ഡിജിറ്റലായി പുതുക്കി പരീക്ഷിച്ച് പ്രദര്‍ശിപ്പിക്കുന്ന വിഭാഗമായ, ‘കാന്‍ ക്ലാസിക്സിലാണ്’ ചിത്രം പ്രദര്‍ശിപ്പിച്ചത്.
മേളയിലെ ബുനുവല്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് ശേഷം അന്താരാഷ്ട്ര സിനിമാ പ്രേമികളില്‍ നിന്ന് ചിത്രത്തിന് വലിയ രീതിയിലുള്ള ആദരവും കൈയടിയും ലഭിച്ചു. ചിത്രത്തിലെ പ്രധാന നടന് ജോയ് മാത്യു, എഡിറ്റര്‍ ബീനാ പോള്‍, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് ഡയറക്ടര്‍ ശിവേന്ദ്ര സിങ് ദുങ്ഗാര്‍പുര്‍ എന്നിവര്‍ റെഡ് കാര്‍പ്പറ്റ് ചടങ്ങിലും പ്രദര്‍ശനത്തിലും പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ നടന് ജോയ് മാത്യുവിന് ഈ ചിത്രം മൂലം വലിയ കീര്‍ത്തിയാണ് കിട്ടിയിരിക്കുന്നത്.

എന്നാല്‍, അതു സംബന്ധമായി ജോയ്മാത്യു മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഫുള്‍ പേജ് ലേഖനം വിവാദമായി. ജീവിച്ചിരിക്കുന്ന രണ്ടുപേരെ ആ ലേഖനത്തില്‍ ജോയ് മാത്യു കൊന്നുകളഞ്ഞുവെന്നാണ്, എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ജി പി രാമചന്ദ്രന് ചൂണ്ടിക്കാട്ടുന്നത്. അകാലത്തില്‍ അര്‍ബുദത്തിന് കീഴടങ്ങേണ്ടിവന്നുവെന്ന് നടന് പറയുന്ന കോഴിക്കോട് സ്റ്റേറ്റ് ബാങ്കിലലെ മുന്‍ ജീവനക്കാരന് രഘു കോഴിക്കോട്ടുതന്നെയുണ്ടെന്ന് ജി പി വ്യക്തമാക്കുന്നു. അതുപോലെ’ അകാലത്തില്‍ ഒരു മുഴം കയറില്‍ ജീവിതത്തിനു തൂക്കുകയറിട്ടുവെന്ന്’ ജോയ്മാത്യു എഴുതുന്നു, ബാങ്ക് ജീവനക്കാരന് രാമനാഥനും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നും ജി പി ചൂണ്ടിക്കാട്ടുന്നു. തനിക്കാണ് പ്രാധാന്യം എന്നു വരുത്താനാണ് ജോയ് മാത്യു ശ്രമിക്കുന്നത് എന്നാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇത് വലിയ വിവാദമായിരിക്കയാണ്.
ജി പി രാമചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.
ജോയ് മാത്യു കാന്‍ മേളയുടെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം തന്നെ. ആശംസകള്‍. അഭിവാദ്യങ്ങള്‍.
എന്നാല്‍, അതു സംബന്ധമായി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഫുള്‍ പേജ് ലേഖനത്തില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരെ അദ്ദേഹം ഇല്ലാതാക്കിയിരിക്കുന്നു. ഇത് എപ്രകാരമാണ് മഹത്തായ കാര്യമാകുന്നത് എന്നു മാത്രം മനസ്സിലാവുന്നില്ല.

ഒന്ന്: ജോയ് മാത്യുവിന്റെ രേഖപ്പെടുത്തല്‍ പ്രകാരം -അകാലത്തില്‍ അര്‍ബുദത്തിന് കീഴടങ്ങേണ്ടിവന്ന കോഴിക്കോട് സ്റ്റേറ്റ് ബാങ്കിലെ രഘു – രഘു അര്‍ബുദമൊന്നും ബാധിക്കാതെ കോഴിക്കോട് നഗരത്തില്‍ തന്നെ ഉണ്ട്. ആരോടെങ്കിലും ഒന്നന്വേഷിച്ചാല്‍ അത് എളുപ്പത്തില്‍ അറിയാമായിരുന്നു. കാരണം, അതിവിപുലമായ സുഹൃദ് വൃന്ദമാണ് രഘുവിനും അക്കാലത്തെ സ്റ്റേറ്റ് ബാങ്കിലുണ്ടായിരുന്നവര്ക്കും ഉള്ളത്.
രണ്ടാമത്തേതാണ് അതിലേറെ സങ്കടം: അകാലത്തില്‍ ഒരു മുഴം കയറില്‍ ജീവിതത്തിനു തൂക്കുകയറിട്ട പരന്ന വായനക്കാരനായ ബാങ്ക് ജീവനക്കാരന് രാമനാഥനെ എങ്ങനെ മറക്കും? എന്നാണ് ജോയ് മാത്യു ‘വേദന’യോടെ ചോദിക്കുന്നത്. മറക്കാനാവില്ലെങ്കില്‍, കര്‍ണാടകയിലെ ഒരു വൃദ്ധ സദനത്തില്‍ ഇപ്പോഴും ജീവിക്കുന്ന രാമനാഥനെ ജോയ് മാത്യുവിന് കണ്ടെത്താനാകും. മൈസൂര്‍ വഴി ബാംഗ്ലൂരേയ്ക്കും മറ്റും പോകാറുള്ളതല്ലേ.
അമ്മ അറിയാന്‍ – പ്രശസ്തിയും പ്രസക്തിയും എന്ന ലേഖനത്തില്‍ സി എസ് വെങ്കിടേശ്വരന് എഴുതുന്നു: ഈ ചിത്രത്തിന്റെ നിര്‍മ്മാണ സാഹചര്യത്തെയും പ്രക്രിയയെയും സാമ്പത്തിക വശങ്ങളെയും ധനസമാഹരണ രീതികളെയും കുറിച്ച് വിശദമായ വിശകലനം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ മൂന്ന് പ്രധാന സംഗതികളെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്: അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണരീതിയും അതിനെ ചൂഴ്ന്നു നിന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളും. രണ്ട്, ആ ചിത്രത്തിന്റെ പ്രമേയധാരകളിലൊന്നായ സംഘം/സംഘചേതന എന്ന ആശയം. മൂന്നാമത്, കലയിലെയും കലാപ്രവര്ത്തനത്തിലെയും വിപ്ലവം/കലാപം (റാഡിക്കല്‍) എന്ന സങ്കല്‍പ്പം. ഈ മൂന്നു പ്രമേയങ്ങള്‍ക്കും ഇന്നത്തെ മാധ്യമാന്തരീക്ഷത്തിലും കലാപ്രയോഗങ്ങളെക്കുറിച്ചുള്ള ചിന്തകളിലും അതീവ പ്രസക്തിയുമുണ്ട് (ദേശാഭിമാനി വാരിക-31 മെയ് 2026)
ജനങ്ങള്‍, സംഘം, സംഘബോധം, സംഘചേതന എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്ക് ഈ അപൂര്‍വ്വമായ സിനിമയുടെ നിര്‍മ്മാണ-പ്രദര്‍ശന-പുനര്‍ പ്രദര്‍ശന സാഹചര്യങ്ങളിലൊക്കെ എന്തുമാത്രം പ്രാധാന്യമാണുള്ളത് എന്നാണ് ഒഡേസയില്‍ സജീവമായുണ്ടായിരുന്ന വെങ്കിടി പറയാന്‍ ശ്രമിക്കുന്നത്.
എന്നാല്‍, ജോയ് മാത്യുവോ? തനിക്കാണ് പ്രാധാന്യം എന്നു വരുത്താന്‍ അന്നത്തെ പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടായിരുന്ന രണ്ടു പേരെ നൈസായി ഒഴിവാക്കിയിരിക്കുന്നു. പാവങ്ങള്‍ ജീവിച്ചിരുന്നിട്ടും ജീവിച്ചിരിക്കുന്നില്ല എന്നാക്ഷേപിക്കപ്പെട്ടിരിക്കുന്നു. പൗരത്വം തന്നെ പ്രശ്നമായിത്തീര്‍ന്ന ഇന്ത്യയില്‍ ഇവരുടെ അസ്തിത്വ വിലാപങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി?
രഘു, രാമനാഥന് എന്നീ രണ്ടു പേരോടും ഞാന്‍, മലയാള ഭാഷ വായിക്കാനും എഴുതാനും അറിയുന്ന എല്ലാവര്ക്കും വേണ്ടി മാപ്പു ചോദിക്കുന്നു.- ഇങ്ങനെയാണ് ജി പി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

