Special Report
ചരിത്രപരമായ പരാജയം ഏറ്റുവാങ്ങി കോട്ട കൊത്തളങ്ങൾ അടക്കം തകർന്ന് തരിപ്പണമായി അമ്പരന്ന് നിൽക്കുന്ന സിപിഎമ്മിനെയാണ് തിരഞ്ഞെടുപ്പിൽ കാണാനായത്. പട നയിച്ച നായകനെതിരായ പടപ്പുറപ്പാടിൻ്റെ ദിനങ്ങളായിരുന്നു പിന്നയങ്ങോട്ട്. സ്വന്തം പാളയത്തിനുള്ളിൽ താഴെത്തട്ടിൽ നിന്ന് വരെ ഉയർന്ന ആക്രോശങ്ങൾക്ക് നടുവിലായിരുന്നു പടനായകൻ ഈ ദിനങ്ങളിലൊക്കെയും. പ്രതിപക്ഷ നേതാവായിരിക്കാൻ പോലും യോഗ്യനല്ലാത്ത നേതാവ് ഇനി നമുക്ക് വേണ്ട എന്ന് ലോക്കൽ കമ്മിറ്റികൾ വരെ ആഞ്ഞടിച്ചു. തുടർഭരണം കിട്ടിയപ്പോൾ ദൈവതുല്യനായ കാരണഭൂതനെ വാഴ്ത്തു പാട്ടുകൾ കൊണ്ട് ശ്വാസംമുട്ടിച്ച അണികളും പ്രായപരിധി ദൂരെയെറിഞ്ഞ നേതാക്കളും, കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ ‘പ്രായമായില്ലേ കാർന്നോരേ, ഇനി വീട്ടിലിരിക്കൂ’ എന്ന് അട്ടഹസിച്ചു.
ഇത്രയും കാലം മുഖത്തുനോക്കി പറയാൻ ധൈര്യം കാട്ടാതിരുന്ന നേതാക്കൾക്ക് സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും നട്ടെല്ല് ഉണ്ടായി. പിണറായി വിജയൻറെ തണലിൽ മുന്നോട്ടു പോയവർ അല്ലെങ്കിൽ പിണറായിക്ക് ശേഷമുള്ള യുഗത്തെ കുറിച്ച് ചിന്തിക്കാതിരുന്നവർ, പിന്നീട് തങ്ങളുടെ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചകൾ മാത്രം കാണാനായി. എംഎൽഎ പദവി പോലും രാജിവച്ച് വീട്ടിലിരിക്കാൻ നേതാവിനോട് ആവശ്യപ്പെട്ട ഏര്യാ കമ്മിറ്റികൾ വരെയുണ്ട്. കണ്ണൂർ ഘടകവും എന്തിനേറെ സംസ്ഥാന സെക്രട്ടറിയേറ്റ് വരെ പിരിച്ചുവിടണമെന്ന് മുഖത്തുനോക്കി പറഞ്ഞ ജില്ലാ കമ്മിറ്റിയും ഉണ്ട്.
ഇക്കാലമത്രയും തനിക്ക് ഒപ്പമുണ്ടായിരുന്ന സ്തുതിപാഠകർ നിമിഷനേരം കൊണ്ട് പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്ന കാലത്തിന് പിണറായി വിജയൻ എന്ന സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സമുന്നതനായ നേതാവ് സാക്ഷ്യം വഹിച്ചു.
ഇന്നലെ വരെ സംസ്ഥാന ഘടകത്തിലും ദേശീയ ഘടകത്തിലും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തപ്പെട്ട നേതാവായിരുന്നു പിണറായി വിജയൻ. എന്നാൽ ഇന്ന് അതേ നേതാവിനു വേണ്ടി തെരുവിലിറങ്ങി നൂറുകണക്കിന് അണികൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം . ജനറൽ സെക്രട്ടറി വരെ അറസ്റ്റ് വരിക്കപ്പെട്ടു. അതേ, പിണറായി വിജയൻ സിപിഎമ്മിന്റെ വികാരം തന്നെയാണ്. തങ്ങളുടെ പടനായകന് ഒരു പോറൽ പോലുമേൽക്കാൻ അണികളും നേതാക്കളും അനുവദിക്കില്ല. ഒറ്റക്കെട്ടായി പിണറായിക്ക് വേണ്ടി വെയിലത്തും മഴയത്തും തെരുവിൽ അണിനിരക്കുന്ന പ്രവർത്തകരെയാണ് ഇന്നു പകൽ കാണാൻ കഴിഞ്ഞത്. ഒരു പ്രതിപക്ഷ നേതാവിനെ മണിക്കൂറുകളോളം തടങ്കലിൽ വച്ച് ചോദ്യം ചെയ്യുന്ന അന്വേഷണ ഏജൻസി യോടുള്ള പ്രതിഷേധം മാത്രമായിരുന്നില്ല ഇന്ന് കണ്ടത്. പിണറായി വിജയൻ എന്ന തങ്ങളുടെ നേതാവിൻ്റെ വസതിക്കുള്ളിൽ റെയ്ഡ് നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കാൻ പുറത്തുള്ള ലക്ഷക്കണക്കിന് അണികൾക്ക് കഴിയുകയില്ല എന്ന വികാരം കൂടി അവർ പുറത്തെടുത്തു. രണ്ടാം പിണറായി സർക്കാരിൽ പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയ എക്‌സാലോജികിൽ വീണ്ടും സിപിഎം ഒന്നടങ്കം സംരക്ഷണം നൽകുന്ന കാഴ്ചയും കാണാനായി. അതെ, എല്ലാ അർത്ഥത്തിലും പാർട്ടിയും അണികളും വീണ്ടും പിണറായി വിജയനെയും കുടുംബത്തെയും ചേർത്തുനിർത്തുകയാണ്. പാർട്ടിക്കുള്ളിൽ നടന്നുവരുന്ന ആഭ്യന്തര വിചാരണയിൽ നിന്ന് തൽക്കാലമെങ്കിലും പിണറായി വിജയനും എം വി ഗോവിന്ദനും രക്ഷപ്പെടുകയാണ്. അതിലൂടെ, രാഷ്ട്രീയമായി അപചയം നേരിട്ട പാർട്ടി എന്ന വിമർശനങ്ങൾക്കും വിലയിരുത്തലുകൾക്കും തളർത്താനാകില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു സിപിഎം.

