തിരുവനന്തപുരം : വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഇരിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന രീതിയാണ് നടക്കുന്നതെന്നും തികച്ചും രാഷ്ട്രീയ പകപോക്കൽ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
“രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ ഉളള ആയുധം ആയി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. പിണറായിയും, പിണറായി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ഇത്തരം പ്രവർത്തികളിലൂടെ ദുർബലപ്പെടുത്താൻ ആണ് തീരുമാനം എങ്കിൽ അത് നടക്കില്ല. എന്തുകൊണ്ട് ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി ചോദിച്ചിട്ടുണ്ട്.”
വിഡി – പ്രധാനമന്ത്രി കൂടിക്കാഴ്ച.
“രാഹുൽ ഗാന്ധി പോലും കേരളത്തിൽ വന്ന് എന്ത് കൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ചോദിച്ചിട്ടുണ്ട്.
കേജരിവാളിൻ്റെ ഉദാഹരണം മുന്നിലുണ്ട്. ആരോപണം കഴമ്പുള്ളതല്ല എന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.
ഭാവന ചമച്ചാൽ കുറ്റപത്രമാകില്ല എന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന് സമാനമായ ഭാവന ചമയ്ക്കൽ ആണ് കേരളത്തിൽ നടക്കുന്നത്. മാത്യു കുഴൽനാടനെ പറ്റി കോടതി നടത്തിയ പരാമർശം നമുക്ക് മുന്നിലുണ്ട്. എല്ലാ അന്വേഷണത്തിലും പൂർണമായി സഹകരിക്കുന്ന നിലപാടാണ് വീണ വിജയൻ നടത്തിയിട്ടുള്ളത്”.
“വീണാ വിജയന് സംസ്ഥാന സർക്കാരോ , പിണറായി വിജയനോ ഒരു സഹായവും നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ആഹ്വാനവും ഇല്ലാതെ തന്നെ ജനങ്ങൾ തങ്ങളുടെ നേതാക്കൾക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്നു. കേന്ദ്ര നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും. ഇന്ന് വൈകുന്നേരത്തോടെ എല്ലാ ബ്രാഞ്ചുകളിലും വലിയ രീതിയിൽ ഉള്ള പ്രതിഷേധം സംഘടിപ്പിക്കും’. എം വി ഗോവിന്ദൻ വ്യക്തമാക്കി.
“കോൺഗ്രസ് ബിജെപി ഡീൽ വ്യക്തമായി. ആ ഡീൽ ആണ് പുറത്ത് വന്നത്. ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല. പിണറായി വിജയന് ഈ കേസിൽ ഒരു ഉത്തരവാദിത്വവും ഇല്ല. അച്ഛനായി പോയി എന്ന ഒറ്റ കാരണം ആണ് ഉള്ളത്. നടക്കുന്നത് അവകാശ ലംഘനവും , ജനാധിപത്യത്തിന് എതിരും ആയ നടപടി. പിണറായി വിജയൻ കേസിലെ പ്രതി അല്ല. അദ്ദേഹത്തെ പ്രതി ചേർക്കാൻ ഉള്ള ഗൂഢാലോചന നടക്കുന്നു” എം വി ഗോവിന്ദൻ ആരോപിച്ചു

