തിരുവനന്തപുരം : ലൈംഗിക പീഡന കേസിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെ വിട്ടു. പരാതിക്കാരി കഴിഞ്ഞദിവസം കോടതിയിൽ മൊഴി മാറ്റി നൽകിയിരുന്നു. എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി മൊഴി നൽകിയത്.
നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നു പരാതിക്കാരി പറഞ്ഞത്. രണ്ടും മൂന്നും പ്രതികളും എംഎല്‍എയുടെ സുഹൃത്തുക്കളുമായ റനിഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിചാരണയ്ക്കിടെ അതിജീവിത കോടതിയോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് കോടതി മൂന്നുപേരെയും വെറുതെ വിട്ടത്.
രാഷ്ട്രീയമായിത്തന്നെ എൽദോസിന് ഏറെ തിരിച്ചടി നേരിട്ട കേസിലാണ് ഇപ്പോൾ അനുകൂല വിധി ഉണ്ടായിരിക്കുന്നത്. പെരുമ്പാവൂരിൽ ഇത്തവണ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ പോലും ഈ കേസ് ആയിരുന്നു.
