“എൻ്റെ പിന്തുണ സതീശനായിരുന്നു, ചെന്നിത്തല മന്ത്രിസഭയിലുണ്ടാകണം”-മുരളീധരൻ

insight kerala

ഗുരുവായൂർ: ജനവികാരവും പാർട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. ഹൈക്കമാൻഡ് വിവിധ തലങ്ങളിൽ നടത്തിയ വിപുലമായ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എമാർ, എം.പിമാർ, മുൻ കോൺഗ്രസ് അധ്യക്ഷന്മാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ച നടത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ എത്തിയ തീരുമാനമായിരുന്നു വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുക എന്നത്. തിരഞ്ഞെടുപ്പ് കാലത്തും അതിനുശേഷവും വി.ഡി. സതീശൻ നേതൃസ്ഥാനത്തേക്ക് വരണമെന്ന ജനങ്ങളുടെ ആഗ്രഹം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തന്റെ നിയോജകമണ്ഡലത്തിലെ വോട്ടർമാരും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു. രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുന്നണിയിലെ മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Share This Article