എം മാധവദാസ്
ചെന്നൈ: വെറും രണ്ടുവര്‍ഷം കൊണ്ട് അധികാരംപിടിച്ച പാര്‍ട്ടിയെന്ന അത്ഭുതത്തോടെയാണ് പലരും നടന് വിജയ്യുടെ ടിവികെ പാര്‍ട്ടിയെ നോക്കിക്കാനുന്നത്. എന്നാല്‍ രണ്ടുവര്‍ഷം കൊണ്ടല്ല, 2009 മുലുള്ള ചിട്ടയായ പ്രവര്ത്തനത്തിലൂടയാണ് അവര്‍ അധികാരം പിടിച്ചത്. ടി.വി.കെയുടെ ശക്തമായ രാഷ്ട്രീയ അടിത്തറ രൂപപ്പെട്ടത് വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷനിലൂടെയാണ്. രണ്ടുവര്‍ഷമായി ഉണ്ടാക്കിയ പാര്‍ട്ടി അധികാരം പിടിച്ചുവെന്നാണ് ഇന്ന് പലരും അത്ഭുതപ്പെടുന്നത്. പക്ഷേ 16 വര്‍ഷമായി വിജയ് ഇയ്യക്കം ഇവിടെയുണ്ട് എന്നത് പലരും മറന്നുപോയി.
തരംഗമായ ഇയ്യക്കം
2009 ജൂലൈ 26-ന് പുതുക്കോട്ടയില്‍ വെച്ചാണ് വിജയ് മക്കള്‍ ഇയക്കം ഔദ്യോഗികമായി രൂപീകരിച്ചത്. വിജയിയുടെ ആരാധക കൂട്ടായ്മകളെ ഒരു കുടക്കീഴില് കൊണ്ടുവന്ന് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. മറ്റുഫാന്സ് അസോസിയേഷനുകള്‍ പോലെ നഗരത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇത്. രജനീകാന്തിന്റെ മക്കള്‍ മണ്ട്രമോ, കമല്‍ഹാസന്റെ നര്‍പ്പണി ഇയക്കമോ, പ്രധാനമായും നഗരകേന്ദ്രീകൃതമായിരുന്നപ്പോള്, വിജയ് മക്കള്‍ ഇയക്കം തമിഴ്നാട്ടിലെ ഓരോ കുഗ്രാമത്തിലും യൂണിറ്റുകള്‍ രൂപീകരിച്ചു. ഏകദേശം 85,000 യൂണിറ്റുകള്‍ ഗ്രാമതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1.5 കോടിയിലധികം അംഗങ്ങളുണ്ടായിരുന്നു. സിനിമ റിലീസ് സമയത്തെ ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ, വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ ഇവര്‍ നടപ്പിലാക്കി. ‘വിജയ് വിസിറ്റകം’ (സൗജന്യ ഭക്ഷണശാലകള്‍), ‘വിജയ് പഠിപ്പകം’ (സൗജന്യ ട്യൂഷന് സെന്ററുകള്‍), രക്തദാന ഗ്രൂപ്പുകള്‍ എന്നിവ ഇതില്‍ ചിലതാണ്.
18-നും 35-നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ വലിയൊരു നിരയെ സംഘടനയില്‍ സജീവമായി നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ഇത് രാഷ്ട്രീയത്തിലേക്ക് മാറിയപ്പോള്‍ വലിയ വോട്ട് ബാങ്കായി മാറി. വര്‍ഷാവര്‍ഷം 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ വിജയ് നേരിട്ട് കണ്ട് ആദരിക്കാറുണ്ട്. മണിക്കൂറുകളോളം നിന്ന് ഓരോ കുട്ടിയോടും അദ്ദേഹം സംസാരിക്കുന്നത് സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനം നല്കി. അതിനിടെ ഒരു വലിയ രാഷ്ട്രീയ പരീക്ഷണവും സംഘടന നടത്തി. 2021-ലെ തമിഴ്നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം സ്വതന്ത്രമായി മത്സരിക്കുകയും 115-ലധികം സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. രജനികാന്തോ കമലഹാസനോ ഇത്തരമൊരു ഗ്രാസ് റൂട്ട് ലെവല്‍ പരീക്ഷണം നടത്തിയിരുന്നില്ല. ഈ വിജയമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ആത്മവിശ്വാസം വിജയിക്ക് നല്‍കിയത്. 2024 ഫെബ്രുവരിയില്‍ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഫാന്‍സ് അസോസിയേഷനിലുടെ തമിഴ്നാടിന്റെ മുക്കിലും മൂലയിലും അതിന് യൂണിറ്റുണ്ടായി.
കരുത്തരുടെ ടീം വിജയ്
പെട്ടെന്ന് ചാടിക്കയറി മത്സരിക്കാനും ടിവികെ തയ്യാറായില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള കൃത്യമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ്. പാര്‍ട്ടി പ്രഖ്യാപി

