വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് ഡിഎംകെ, AIADMKയിൽ ഭിന്നത

insight kerala

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ്യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കടുത്ത വിമർശനവുമായി ഡിഎംകെ. കോൺഗ്രസിനെ പിന്നിൽനിന്ന് കുത്തുന്നവരെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ വിശേഷിപ്പിച്ചു. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണെന്നും അത് ഡിഎംകെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

പിന്തുണ തേടി വിജയ് കോൺഗ്രസിനെ സമീപിച്ചതിന് പിന്നാലെ പാർട്ടി ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചിരുന്നു. അന്തിമ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പിന്നാലെ ചൊവ്വാഴ്ച രാത്രി വൈകി നടന്ന തമിഴ്‌നാട് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയുടെ അടിയന്തര യോഗം ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചാതായാണ് വിവരം.

തമിഴ്‌നാട്ടിൽ മതേതര സർക്കാർ വരണമെന്നാണ് ജനഹിതം. ബിജെപിയും അവരുടെ പ്രതിനിധികളും തമിഴ്‌നാട് ഭരിക്കുന്നത് കോൺഗ്രസ് അനുവദിക്കില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകളാണ് വിജയിയുടെ ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 10 എം.എൽ.മാരുടെ കുറവാണ് വിജയുടെ പാർട്ടിക്കുള്ളത്. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. സിപിഎം മുസ്‌ലിംലീഗും അടക്കമുള്ള ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ചെറുപാർട്ടികളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. കോൺഗ്രസ് പിന്തുണച്ചാൽ ലീഗും പിന്തുണച്ചേക്കും

എന്നാൽ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകുന്നത് തമിഴ്നാട്ടിൽ മാത്രമല്ല, കേന്ദ്രത്തിലും ഒരു നിർണായക മാറ്റത്തിന് വഴിയൊരുക്കും. ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ ഡിഎംകെയെ പൂർണ്ണമായും തള്ളാൻ കോൺഗ്രസിനാകില്ല. തള്ളിയാൽ 2029 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തങ്ങളുടെ തന്ത്രങ്ങൾ കോൺഗ്രസിന് പുനഃപരിശോധിക്കേണ്ടി വരും.

ഇതിനിടെ വിജയ്ക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ രംഗത്തെത്തിയിട്ടുണ്ട്. 20 ഓളം എംഎൽഎമാർ വിജയ്ക്ക് പിന്തുണ നൽകണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ മറുവിഭാഗം ഇതിനോട് യോജിച്ചിട്ടില്ല. എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. 59 സീറ്റുള്ള ഡിഎംകെയാകും തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് വിജയ്‌ക്കൊപ്പം ചേർന്ന് സർക്കാരിന്റെ ഭാഗമാകാൻ എഐഡിഎംകെ ശ്രമിക്കുന്നത്. പാർട്ടി അധ്യക്ഷൻ പളനിസ്വാമിയടക്കം ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് അഭിപ്രായമാണ് ഉള്ളതെന്നാണ് വിവരം.

വ്യാഴാഴ്ച വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ടിവികെ എംഎൽഎമാരെ ബുധനാഴ്ച മാമല്ലപുരത്തെ ഒരു സ്വകാര്യ ലക്ഷ്വറി റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എംഎൽഎമാരുടെ വിജയ്യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ക്രമീകരണം. സുരക്ഷ ഉറപ്പാക്കാൻ, റിസോർട്ടിന് ചുറ്റും കനത്ത പോലീസ് സാന്നിധ്യമുണ്ട്.

Share This Article