എം മാധവദാസ്
കണ്ണൂര്‍: ഒരുകാലത്ത് സിപിഎമ്മില്‍ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു, പി ജയരാജന്‍. എന്നാല്‍ വ്യക്്തിപൂജാ വിവാദത്തില്‍ കുടുക്കി പിണറായി പക്ഷം,എം വി ഗോവിന്ദന്റെ പിന്തുണയോടെ പി ജയരാജന്‍ അടക്കമുള്ളവരെ ഒതുക്കിയിരിക്കയാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടായതോടെ വീണ്ടും ജയരാജനുവേണ്ടി മുറവിളികള്‍ ഉയരുകയാണ്. തളിപ്പറമ്പ്, പയ്യുന്നുര്‍ തുടങ്ങിയ സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ പോലും യുഡിഎഫ് വിള്ളലുണ്ടാക്കിയതോടെ, പാര്‍ട്ടി നേതൃത്വത്തിനെതിരെ രോഷം അണപൊട്ടുകയാണ്. ഇതിന്റെ ഭാഗമായി അഴീക്കോട് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പി. ജയരാജനെ അനുകൂലിച്ചും ഔദ്യോഗിക നേതൃത്വത്തെ തള്ളിയും ഫ്ളക്സുകള്‍ ഉയര്‍ന്നു.
‘പി. ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ’ എന്ന വാചകങ്ങളുമായാണ് അഴീക്കോട് മണ്ഡലത്തില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും നയങ്ങള്‍ പാര്‍ട്ടിയെ തകര്‍ത്തുവെന്ന് വിശ്വസിക്കുന്ന സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് സൂചന. പി.ജെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അച്ചടക്കവും വീര്യവും ഇപ്പോള്‍ പാര്‍ട്ടിക്കില്ലെന്നാണ് അണികളുടെ പക്ഷം.
സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ കെ.കെ രാഗേഷും പരാജയപ്പെട്ടുവെന്നാണ് അണികളുടെ ആരോപണം. തളിപ്പറമ്പില്‍ സ്വന്തം ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയ ഗോവിന്ദന്റെ നടപടിയെ ‘കുടുംബ രാഷ്ട്രീയം’ എന്ന് വിളിച്ചാണ് അണികള്‍ പരിഹസിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും മട്ടന്നൂരിലും പാര്‍ട്ടി വോട്ടുകള്‍ കൂട്ടത്തോടെ ചോര്‍ന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും, ഗോവിന്ദന്‍ മാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള ആവശ്യത്തിന് ശക്തി കൂടിയിട്ടുണ്ട്.
ജില്ലയിലെ വോട്ടുവിഹിതത്തില്‍ ഉണ്ടായ വന്‍ ഇടിവും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും ഭൂരിപക്ഷം കുറഞ്ഞതും പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പി. ശശിയെപ്പോലെയുള്ളവരെ സംരക്ഷിക്കുകയും ജനകീയ നേതാക്കളെ തഴയുകയും ചെയ്യുന്ന പിണറായി ശൈലിക്കെതിരെയുള്ള പടയൊരുക്കമായി ഇതിനെ കാണാം. വരും ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും നേതൃമാറ്റത്തിന് വേണ്ടിയുള്ള മുറവിളി ശക്തമാകുമെന്നുറപ്പാണ്.
കണ്ണൂരിലെ ഈ ഫ്ലക്സ് വിപ്ലവം എകെജി സെന്ററിനെ പോലും വിറപ്പിക്കുന്നുണ്ട്. അണികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാകുമോ അതോ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഫലം സംബന്ധിച്ച് പി ജയരാജന്‍ പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നുമായിരുന്നു പി ജയരാജന്‍ വ്യക്തമാക്കി.

