കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു. ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. നന്തിബസാറിലെ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.തുടർന്ന് കിണറ്റിൽ നിന്നും പുറത്തെടുത്ത ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കിണറിന്റെ ഗ്രിൽ നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാല് തെറ്റി കിണറ്റിൽ വീണതാണെന്നാണ് സംശയിക്കുന്നത്. വീഴ്ചയിൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്.
