പശ്ചിമബംഗാളിലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി തൃണമൂല്‍ നേതാവ് മമത ബാനര്‍ജി. പാര്‍ട്ടിയുടെ സീറ്റ് നില ഇത്തവണ 226 കടക്കുമെന്നും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു.
ആറില്‍ 4 എക്സിറ്റ് പോളുകളും ബിജെപിക്കാണ് ബംഗാളില്‍ അധികാരം പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷമാവും പാര്‍ട്ടിക്കുണ്ടാവുക എന്നാണ് സൂചന. എന്നാല്‍ 2021 ല്‍ അടക്കം എക്സിറ്റ്പോള്‍ ഫലങ്ങള്‍ പരാജയപ്പെട്ടു പോവുകയും തൃണമൂല്‍ വന്‍ വിജയം നേടിയതുമാണ് ചരിത്രം. പ്രവര്‍ത്തകരോടുള്ള വീഡിയോ സന്ദേശത്തില്‍ മമതാ ബാനര്‍ജി ഇക്കാര്യം ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തകരുടെ ആവേശം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മമത ആരോപിച്ചു. വോട്ടെണ്ണി തീരും വരെ മുഴുവന്‍ സമയവും പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. തന്റെ മണ്ഡലമായ ഭവാനിപൂരില്‍ ആവശ്യമെങ്കില്‍ താന്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും മമത പറഞ്ഞു.
മെഷീനുകളില്‍ ചിഹ്നം മറച്ചതടക്കം 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. 22 ബൂത്തുകളിലെ പരാതികള്‍ ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടുദിവസത്തിനകം റീപോളിംഗ് ഈ മണ്ഡലങ്ങളില്‍ ഉണ്ടായേക്കും . സംഘര്‍ഷങ്ങളുടെ തുടര്‍ച്ച മുന്നില്‍ കണ്ട് 70000 ലേറെ കേന്ദ്രസേന ഉദ്യോഗസ്ഥര്‍ക്ക് ബംഗാളില്‍ തന്നെ തുടരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അധികാരത്തിലേക്ക് എന്ന എക്സിറ്റ്പോള്‍ ഫലങ്ങളുടെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്.

