എൻഡിഎയ്ക്ക് 11 സീറ്റുകൾ വരെയെന്ന് ടുഡേഴ്‌സ് ചാണക്യ; യുഡിഎഫിന് നേരിയ മുന്നേറ്റം, പിന്നാലെ എൽഡിഎഫ്

insight kerala

ന്യൂഡൽഹി ∙ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്ന സർവേയാണ് പുറത്തുവന്നത്. യുഡിഎഫ് 40 ശതമാനം വോട്ട് വിഹിതത്തോടെ 69 മുതൽ 78 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എൽഡിഎഫ് 38 ശതമാനം വോട്ട് വിഹിതം നേടി 64 മുതൽ 73 സീറ്റ് വരെ നേടിയേക്കാം. എൻഡിഎ 20 ശതമാനം വോട്ട് നേടുമെന്നും 7 മുതൽ 11 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. മറ്റുള്ളവർക്ക് 2 ശതമാനം വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല.

അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന സഖ്യത്തിന് വൻ വിജയമാണ് ടുഡേയ്ഴ്സ് ചാണക്യ പ്രവചിക്കുന്നത്. ആകെയുള്ള 126 സീറ്റുകളിൽ 93 മുതൽ 111 സീറ്റുകൾ വരെ നേടി ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന് 14 മുതൽ 32 സീറ്റുകൾ വരെ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും എക്സിറ്റ് പോളിൽ പറയുന്നു. എഐയുഡിഎഫ് സഖ്യം അക്കൗണ്ട് തുറക്കില്ലെന്നും എക്സിറ്റ് പോൾ സൂചിപ്പിക്കുന്നു. സ്വതന്ത്രരും മറ്റ് ചെറിയ പാർട്ടികളും 0 മുതൽ 2 സീറ്റുകൾ വരെ നേടിയേക്കാം.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്നും എന്നാൽ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം കന്നി പോരാട്ടത്തിൽ നിർണായക ശക്തിയായി മാറുമെന്നും പോസ്റ്റ് പോൾ സർവേഫലത്തിൽ സൂചിപ്പിക്കുന്നു. ഡിഎംകെ സഖ്യം 39 ശതമാനം വോട്ട് വിഹിതത്തോടെ 125 മുതൽ 136 വരെ സീറ്റുകൾ നേടി മുന്നിലെത്തുമെന്നാണ് പ്രവചനം. ടിവികെ ആദ്യ തിരഞ്ഞെടുപ്പിൽ 30 ശതമാനം വോട്ട് വിഹിതം നേടും. 63 മുതൽ 74 സീറ്റ് വരെ നേടുമെന്നും പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യം 27 ശതമാനം വോട്ട് വിഹിതത്തോടെ 45 മുതൽ 56 വരെ സീറ്റുകളിലേക്ക് ജയം ചുരുങ്ങും. മറ്റുള്ളവർ 4 ശതമാനം വോട്ട് വിഹിതം നേടുമെങ്കിലും ഒരു സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വെല്ലുവിളിയുയർത്തി വിജയ് തമിഴ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article