നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കത്തിൽ അടിമുടി ദുരൂഹത. പ്രതികളെ സംരക്ഷിക്കാൻ അന്വേഷണത്തിൽ അട്ടിമറിയുണ്ടോ എന്നാണ് സംശയം. ജാമ്യമില്ല വകുപ്പുകൾ പ്രകാരമുള്ള കേസിൽ നാളിതുവരെയായും പ്രതികളെ കണ്ടെത്താനോ പിടികൂടാനോ അന്വേഷണസംഘത്തിന് സാധിച്ചില്ല.
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജ് മരിച്ച 14 ദിവസങ്ങൾ പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.പ്രതി പട്ടികയിൽ ഉൾപ്പെട്ട അധ്യാപകരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നതിലും പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിവരം. ഡോക്ടർ റാമിനും,സംഗീതയ്ക്കുമെതിരെയുള്ള ഡിജിറ്റൽ രേഖകൾ ശേഖരിക്കുന്നതിനും പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
അധ്യാപകർക്കെതിരെയുള്ള തെളിവുകൾ ബോധപൂർവ്വം ഒഴിവാക്കിയതായും ആരോപണം ഉണ്ട്.മരണം,ആപ്പ് നടത്തിപ്പുകാരുടെ തലയിൽ കെട്ടിവെച്ച് മാനേജ്മെന്റിനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് വിദ്യാർത്ഥി യുവജന സംഘടനകളും ആരോപിക്കുന്നു. നിതിൻ രാജിനെ കോളേജിൽ നിന്ന് പുറത്താക്കാൻ ഡോക്ടർ രാം ഗൂഢാലോചന നടത്തിയതായും, ഇതിന് മറ്റ് അധ്യാപകർക്ക് പ്രോത്സാഹനം നൽകിയതായും വിവരമുണ്ട്. ജീവനൊടുക്കുന്ന അന്നേദിനം പ്രിൻസിപ്പൽ മുറിയിൽ നടന്ന കാര്യങ്ങളെ സംബന്ധിച്ച് ഗൗരവപൂർവ്വമായ അന്വേഷണം നടത്തിയാൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള മറ്റ് അധ്യാപകർക്കെതിരെ നടപടി ഉണ്ടാകും എന്നതിനാൽ പോലീസ് മൗനം പാലിക്കുകയാണെന്നാണ് കുടുംബം ഉന്നയിക്കുന്നത്. കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിക്ക് കൃത്യമായി ചികിത്സ നൽകിയില്ലെന്നും, ക്യാഷ്വാലിറ്റിയിൽ നടന്ന കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ജാമ്യത്തിനായി ഡോ. റാം വ്യാജരേഖ കോടതിയിൽ ഹാജരാക്കിയതായി പ്രോസിക്യൂഷനും വാദിച്ചിരുന്നു. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടും, മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കാത്ത പോലീസ് നീക്കത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പ് നടത്തിപ്പുകാരെ ചുറ്റിപ്പറ്റി മാത്രം അന്വേഷണം നീളുന്നത് ചിലരെയൊക്കെ രക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണമാണ് ശക്തമാകുന്നത്.
