ബംഗാളിൽ ബിജെപി വിജയം ഉറപ്പിച്ചു എന്ന് അമിത് ഷാ

insight kerala

രാജ്യത്തെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ബംഗാളിൽ ബിജെപി വിജയം ഉറപ്പിച്ചു എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പുകളിൽ അക്രമ സംഭവങ്ങൾ കുറയ്ക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് ഉയർന്ന പോളിംഗിന് കാരണമെന്നും, ബിജെപി തകർന്നടിയുമെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 93 ശതമാനം പോളിംഗാണ് ആദ്യ ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.
രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിംഗാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. എസ്ഐആർ നടപടികൾക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 92.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തപാൽ, സർവീസ് വോട്ടുകളുടെ എണ്ണം കൂടി ച്ചേരുന്നതോടെ വോട്ടിംഗ് ശതമാനം ഇനിയും ഉയരും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 82.3 ശതമാനമായിരുന്നു പോളിംഗ്. എസ്ഐആർ നടപടികളിലൂടെ വോട്ടർപട്ടിക കുറ്റമറ്റതാക്കിയതും , സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിയതും ആണ് പോളിംഗ് ശതമാനം ഉയരാൻ കാരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. എസ് ഐ ആറിലൂടെ 11% വോട്ടുകൾ ബംഗാളിൽ നീക്കം ചെയ്തിരുന്നു. മമതാ സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാനാണ് ജനങ്ങൾ കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് എത്തിയതെന്ന് കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ ബിജെപി വിജയം ഉറപ്പിച്ചു എന്നും, ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി

ബംഗാളിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം ആണ് നടക്കുന്നതെന്നും ഉയർന്ന പോളിംഗ് ശതമാനം ഭരണത്തുടർച്ചയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ബിജെപിയുടെ പൂർണ്ണ തകർച്ചയാണ് തൻറെ ലക്ഷ്യമെന്നും മമതാ ബാനർജി പറഞ്ഞു

Share This Article