മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം; വാഹനാപകട കേസില്‍ ക്ലീന്‍ചിറ്റ്

insight kerala

തിരുവനന്തപുരത്തെ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. മണിയന്‍ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

വലിയ വിവാദമായ അപകടം. ഫെബ്രുവരി 5ന് രാത്രി തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. വണ്ടിയോടിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് അറിഞ്ഞിട്ടും അന്ന് രാത്രി അറസ്റ്റ് ചെയ്തില്ല. പക്ഷെ വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.

അറസ്റ്റിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അമിതവേഗത്തിലല്ലെന്ന് വ്യക്തമായി. പക്ഷെ മദ്യപിച്ചാണോ വണ്ടിയോടിച്ചതെന്നതായിരുന്നു അവശേഷിച്ചിരുന്ന പ്രധാനസംശയം. രാജു അന്നേ അത് നിഷേധിച്ചിരുന്നു. പക്ഷെ രക്തസാംപിള്‍ കെമിക്കല്‍ ലാബിലയച്ചുള്ള ശാസ്ത്രീയപരിശോധനക്ക് പൊലീസ് തീരുമാനിച്ചു. രണ്ട് മാസത്തിന് ശേഷമെത്തിയ ആ പരിശോധനാഫലത്തില്‍ ആല്‍ക്കഹോളിന്‍റെ സാന്നിധ്യമില്ല. ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം ഇല്ലാതായി.തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ക്രൂശിക്കപ്പെടില്ലെന്ന് ഉറപ്പായിരുന്നൂവെന്ന് മണിയന്‍പിള്ള രാജു. സാധാരണ വാഹനാപകട കേസ് മാത്രമായി ഈ വിവാദ അപകടം അവസാനിക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article