മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം നാട്ടിലെത്തിച്ചു. പൊതുദർശനത്തിനായി മൃതദേഹങ്ങൾ അൽപ്പസമയത്തിനകം പാങ്ങ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിക്കും.
പുലർച്ചെയോടുകൂടി തന്നെ എല്ലാവരുടേയും പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ആറുമണിയോടെയാണ് പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നും മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക് പുറപ്പെട്ടത്.
ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കാരം നടക്കും എന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. എന്നാൽ ഈ സമയം നീളാൻ സാധ്യതയുണ്ട്. സ്കൂളിൽ ഇപ്പോൾ തന്നെ വലിയ തോതിൽ ജനം കൂടിയിട്ടുണ്ട്.
മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 13 അംഗസംഘമാണ് അപകടത്തിൽ പെട്ടത്

