കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും. സർക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങൾക്കിടയിലുണ്ടെന്നും അദ്ദേഹം പറവൂരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് വന്നാൽ കേരളത്തിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ട്. ഞങ്ങൾ ഈ സർക്കാരിന് എതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ അവരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്ത് ഈ സർക്കാരിനെ ശിക്ഷിക്കും. യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന ഉറച്ച വിശ്വാസമുണ്ട്. എല്ലായിടത്തും ടീം യു.ഡി.എഫായിട്ടാണ് പ്രവർത്തിക്കുന്നത്. അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ആവോശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത്- അദ്ദേഹം പറഞ്ഞു.
പോളിംഗ് കൂടി കഴിയുമ്പോൾ യു.ഡി.എഫ് കൃത്യമായി എത്ര സീറ്റിൽ വിജയിക്കുമെന്ന് ഒന്നു കൂടി പറയാം. എതായാലും നൂറിലധികം സീറ്റിൽ വിജയിക്കും. ഒരു ഡസൺ മന്ത്രിമാർ പരാജയപ്പെടും. ചിലപ്പോൾ ഒന്ന് കൂടുകയോ കുറയുകയോ ചെയ്യും. അതിശക്തമായ വികാരമുണ്ട്. തിരുവനന്തപുരത്തുള്ള ഒരു സീറ്റ് എട്ട് സീറ്റുവരെയാകാം. കൊല്ലത്ത് സീറ്റ് ഏഴോ എട്ടോ ആകും. ആലപ്പുഴയിൽ രണ്ടു മൂന്ന് കാര്യങ്ങൾ കൂടി അസസ് ചെയ്യാനുണ്ട്. അതുകഴിഞ്ഞ് കൃത്യമായ കണക്ക് പറയാം. 30 വർഷത്തിനിടെ ജില്ലാ പഞ്ചായത്ത് പിടിച്ച ജില്ലയാണ് കോഴിക്കോട്. അപ്പോൾ തന്നെ അവിടെ വലിയ മാറ്റമാണെന്ന് മനസിലായില്ലേ? കാസർകോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടും.
വയനാട് ഫണ്ട് പിരിവ് സംബന്ധിച്ചുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെ പുറത്ത് വിട്ടിട്ടുണ്ട്. വീട് പണിയാൻ കെ.പി.സി.സി ഫണ്ടിൽ നിന്നും എ.ഐ.സി.സി ഫണ്ടിൽ നിന്നും പണം നൽകും. അല്ലാതെ ഫണ്ട് കളക്ഷനുണ്ടാകില്ല. സഹായിക്കാമെന്ന് എ.ഐ.സി.സി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്തൊക്കെ നുണകളാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. പിണറായി വിജയനുള്ള എല്ലാ പരിപാടികളിലും എം.വി ഗോവിന്ദനും ടി.പി രാമകൃഷ്ണനും ഉണ്ടായിരുന്നോ. കോൺഗ്രസിനോടുളള കുത്തിത്തിരുപ്പ് ചോദ്യം പിണറായി വിജയനോട് ചോദിക്കാറില്ലല്ലോ. ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയും- അദ്ദേഹം പരിഹസിച്ചു.

