ഇലക്ഷന് സ്പെഷ്യല്‍
എം മാധവദാസ്
ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വന്‍ തിരിച്ചിടിക്കുശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍, യുഡിഎഫിന് ഈസി വാക്കോവര്‍ എന്നായിരുന്നു, തുടക്കത്തിലെ ചിത്രം. എന്നാല്‍ ഇപ്പോള്‍ വരുന്ന മിക്ക സര്‍വേകളിലും യുഡിഎഫ്- എല്‍ഡിഎഫ് എതാണ്ട് ഒപ്പത്തിന് ഒപ്പം എന്ന നിലയാണ് കണ്ടുവരുന്നത്. അതിന് പ്രധാനകാരണമായി പറയുന്നത്, നാലുജില്ലകളാണ്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ എന്നീ നാല്ജില്ലകളില്‍ ഇടതുപക്ഷത്തിനുള്ള അപ്രമാദിത്വം തടയാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.
കണ്ണൂരില്‍ 8 സീറ്റ് എല്‍ഡിഎഫിന്
എന്നും ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയാണ് കണ്ണൂര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റില്‍ ഒമ്പതിടത്തും ഇടതുപക്ഷം ജയിച്ച ജില്ലയാണ് കണ്ണൂര്‍. ഐക്യമുന്നണിക്ക് ഇരിക്കുര്‍, പേരാവൂര്‍ എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഇത്തവണ പേരാവുരില്‍ കെ കെ ശൈലജ ടീച്ചറെ ഇറക്കി കടുത്ത പേരാട്ടാമാണ് ഇടതുപക്ഷം നടത്തുന്നത്. ചില സര്‍വേകള്‍ ശൈലജ ടീച്ചര്‍ ജയിക്കുമെന്നും വിലയിരുത്തുന്നുണ്ട്.
പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിനാണ് ഇടതുകോട്ടകളായ, പയ്യന്നുര്‍, കല്ല്യാശ്ശേരി, മട്ടന്നൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം, തലശ്ശേരി എന്നിവടങ്ങളില്‍നിന്നൊക്കെ മുമ്പ് ഇടതുസ്ഥാനാത്ഥികള് ജയിക്കാറുള്ളത്. അവിടെ ഭൂരിപക്ഷം കുറക്കാമെന്നല്ലാതെ, യുഡിഎഫിന് ജയിക്കാന്‍ കഴിയില്ല എന്നാണ് പൊതുവിലയിരുത്തല്‍. ഫണ്ട് വിവാദത്തെ തുടര്‍ന്ന് സിപിഎം വിട്ട മൂന് ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനാണ്, പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശക്തായ മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും, കുഞ്ഞികൃഷ്ണന് ജയിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ തവണ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച, ടി ഐ മധുസൂദനന് തന്നെയാണ് ഇവിടുത്തെ ഇടത് സ്ഥാനാര്‍ത്ഥി.
സമാനമായ അവസ്ഥയാണ് തളിപ്പറമ്പിലും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്്ഥാനാര്ത്ഥിയാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
വിവാദം മൂലം ഭൂരിപക്ഷം കുറയും എന്നല്ലാതെ പരാജയ ഭീതി ഇടതിനില്ല. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് വന്‍ ഭൂരിപക്ഷത്തിന് ജയിക്കാനാണ് സാധ്യത. തലശ്ശേരിയിലും ഭൂരിപക്ഷം കുറഞ്ഞാലും, എല്‍ഡിഎഫ് സ്ഥാനാത്ഥി കാരായി രാജന് ജയിക്കുമെന്നാണ് മാതൃഭൂമിയുടെ അടക്കം സര്‍വേകള്‍ പറയുന്നത. മട്ടന്നൂരില്‍ കഴിഞ്ഞ തവണ, 60,963 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ കെ കെ ശൈലജ ജയിക്കുന്നത്. ഇത്തവണയും മട്ടന്നൂരില്‍ തല്‍സ്ഥിതി തുടരുമെന്നാണ് മാതൃഭൂമി- മനോരമ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

മന്ത്രി കടന്നപ്പളി രാമചന്ദ്രന് മത്സരിക്കുന്ന കണ്ണൂര്‍, ചാഞ്ചാടുന്ന അഴീക്കോട് എന്നിവടങ്ങളില്‍ മാത്രമാണ് ഇടത് ക്യാമ്പില്‍ സംശയുള്ളത്. എന്നാലും അഴീക്കോട് അവര്‍ ഉറപ്പിക്കുന്നുണ്ട്. ് രണ്ടുതവണ ഇവിടെനിന്ന് വിജയിച്ച മുസ്ലീം ലീഗിലെ കെ എം ഷാജിയെ, 6,142 വോട്ടിന് തോല്‍പ്പിച്ചാണ്, സിപിഎമ്മിലെ കെ വി സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചത്. ഇത്തവണ കെ വി സുമേഷും, മുസ്ലീം ലീഗിലെ അഡ്വ കരീം ചേളേരിയും തമ്മില്‍ കടുത്ത മത്സരമാണ്..
കൂത്തുപറമ്പിലും, എല്‍ഡിഎഫ് വിജയിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ കെ പി മോഹനന്, 9,541 വോട്ടിന് ജയിച്ച മണ്ഡലമാണിത്. ഇത്തവണ മുസ്ലീം ലീഗിലെ ജയന്തി രാജനാണ് ആര് ജെ ഡിയിലെ പി കെ പ്രവീണിനെ നേരിടുന്നത്.
പാലക്കാട്ട് 7 സീറ്റ് ഇടതിന് മിനിമം
ഇടതുപക്ഷം ഏറ്റവും പ്രതീക്ഷിക്കുന്ന ജില്ലകളില്‍ ഒന്നാണ് പാലക്കാട്,
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 12ല്‍, മണ്ണാര്‍ക്കാട്, പാലക്കാട് എന്നീ രണ്ടു സീറ്റുകള്‍ മാത്രമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് ജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇക്കുറിയും ഒന്നോ രണ്ടോ സീറ്റില്‍ കൂടി വിജയിക്കാന്‍ മാത്രമേ ഇവിടെ യുഡിഎഫിന് കഴിയൂ. മിക്കസര്‍വേകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ കുത്തക സീറ്റുകളായ മലമ്പുഴ, തരൂര്‍, ഷൊര്‍ണ്ണൂര്‍, കോങ്ങാട്, ആലത്തൂര്‍, ഒറ്റപ്പാലം, നെന്മാറ എന്നിവടങ്ങളിലേക്ക് ഒന്നും കടന്നുകയറാന്‍ യുഡിഎഫിന് ആയിട്ടില്ല. മലമ്പുഴയില്‍ കഴിഞ്ഞ തവണ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. എന്‍ഡിഎയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മാതൃഭൂമി സര്‍വേയില്‍ ഇത്തവണയും ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. വി എസ് അച്യുതാന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള കോണ്‍ഗ്രസ് നീക്കം പക്ഷേ വോട്ടായി മാറുന്നില്ല, എന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
അതുപോലെ, സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ പി കെ ശശിക്കും ഒറ്റപ്പാലത്ത് നേട്ടം കൊയ്യാനാവുന്നില്ലെന്നാണ് സൂചന. ഇവിടെ മികച്ച ഭുരിപക്ഷത്തിന് ഇടതുമുന്നണി ജയിക്കാനാണ് സാധ്യത. പട്ടാമ്പിയിലെ സിറ്റിംഗ് സീറ്റ് എല്ഡിഎനുവേണ്ടി, സിപിഐയിലെ മുഹമ്മദ് മുഹസിന് നിലനിര്‍ത്തുമെന്നും മാതൃഭൂമിയടക്കമുള്ള മിക്ക സര്‍വേകളും പറയുന്നു.

എന്നാല്‍ തീ പാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇടതിന് സാധ്യതയില്ല. ഇവിടെ യുഡിഎഫോ എന്‍ഡിഎയോ ആണ്. കോണ്‍ഗ്രസിലെ യുവതുര്‍ക്കി വി ടി ബല്‍റാമും, മന്ത്രി എം ബി രാജേഷും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം നടക്കുന്ന തൃത്താലയും, മന്ത്രി കൃഷ്ണന് കുട്ടിയുടെ മണ്ഡലമായ ചിറ്റൂരിലും, കുടത്ത മത്സരമാണ്. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവ് ചിറ്റൂര്‍ അച്യുതനും, കൃഷ്ണന് കുട്ടിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഈ മണ്ഡലത്തിന്റെ ചരിത്രം. ഇപ്പോള്‍ അച്യുതന്റെ മകന്, സുമേഷ് അച്യുതനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാത്ഥി. അഞ്ചുതവണ ഇവിടെ നിന്ന് എംഎല്‍എയായ കൃഷ്ണന് കുട്ടിക്ക് പകരം, അഡ്വ വി മുരുകദാസാണ് ഇത്തവണ മത്സരിക്കുന്നത്.കഴിഞ്ഞ തവണ മുസ്ലീം ലീഗിലെ എന്‍ ഷംസുദ്ദീന്, 5,870 വോട്ടിന് ജയിച്ച് മണ്ണാര്‍ക്കാട്ട് ഇത്തവണ യുഡിഎഫ് വിജയിക്കാനാണ് സാധ്യത.
തെക്കന്‍ കേരളം ഇടതിനൊപ്പം
അതുപോലെ, മാതൃഭൂമിയും മനോരമയുമടക്കമുള്ള മിക്ക സര്‍വേകളിലും തെക്കന്‍ കേരളം എല്‍ഡിഎഫിന് ഒപ്പമാണ്. എല്ഡിഎഫനുവേണ്ടി ഹിന്ദു ഏകീകരണം ഈ മണ്ഡലങ്ങളില്‍ നടക്കുന്നുണ്ട്. മലബാറിനെ മുസ്ലീ-ക്രിസ്ത്യന്‍ കണ്സോളിഡേഷന് ബദല്‍ എന്നോണം, ഈഴവ-നായര്‍ ഏകീകരണം തെക്കന്‍ ജില്ലകളില്‍ നടക്കുന്നുണ്ട്. മിക്ക സര്‍വേകളും തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം നല്‍കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ആലപ്പുഴ, അരുര്, മാവേലിക്കര, ചെങ്ങന്നൂര്‍ തുടങ്ങിയവയൊക്കെ ഇളകാത്ത ഇടതുകോട്ടകളായാണ് കണക്കാക്കുന്നത്. ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലുടെ യുഡിഎഫ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലൂം, അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നാണ് മാതൃഭൂമി സര്‍വേയിലടക്കം പറയുന്നത്.

അതുപോലെ തിരുവനന്തപുരം ജില്ലയില്‍ 14-ല്‍ പത്ത് സീറ്റ് ഉറപ്പാണെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. വിവിധ സര്‍വേകള്‍ അത് അടിവരയിടുന്നു. പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, വര്‍ക്കല, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, ആറ്റിങ്ങല്‍, 9 സീറ്റുകളില്‍ ഇടതിന് വെല്ലുവിളിയില്ല. വട്ടിയൂര്‍ക്കാവ്, കഴക്കുട്ടം, നേമം, എന്നിവടങ്ങളില്‍ ഇടതുപക്ഷം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കൊല്ലവും പൊതൂവെ ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള ജില്ലയാണ്.

