കാലടി സംസ്കൃത സർവ്വകലാശാലയിൽ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകുകയും ബിഎഫ്എ ജയിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ ഗവർണർക്ക് കൈമാറിയതിന് പിന്നാലെ പരീക്ഷ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ: ലിസി മാത്യുവിനെ തൽ സ്ഥാനത്തുനിന്ന് നീക്കി. പകരം ഡോ: വി.കെ.
ഭവാനിക്ക് പരീക്ഷ കൺട്രോളറുടെ ചുമതല നൽകി കൊണ്ട് വൈസ് ചാൻസലർ ഡോ: സിസാ തോമസ് ഉത്തരവിട്ടു. സംസ്കൃതവിഭാഗം അസോസിയേറ്റ് പ്രൊഫസ്സാറാണ് ഡോ. ഭവാനി.
മുൻ വിസി യായിരുന്ന ഡോക്ടർ കെ കെ ഗീതാ കുമാരി ലോകഭവന്റെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പദവി ഒഴിഞ്ഞ ശേഷവും പാസ്‌വേഡ് ഉപയോഗിച്ച് 40 ഓളം ഫയലുകളിൽ അംഗീകാരം നൽകിയതായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തി യതിനെ തുടർന്ന് വൈകിട്ട് നാല് മണിക്ക് ശേഷം മുൻ വിസി അംഗീകരിച്ചതായ എല്ലാ ഉത്തരവുകളും റദ്ദാക്കാനും, വിസി യുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ എല്ലാപേരെയും മാറ്റി പൂർണ്ണമായും അഴിച്ചുപണിയാനും വിസി ഉത്തരവിടുകയായിരുന്നു. വിസി പദവി ഒഴിഞ്ഞ ശേഷവും മുൻ വിസി ഡോ: ഗീതാ കുമാരി തന്നെയാണ് ഫയലുകളിൽ തീർപ്പ് കൽപ്പി ച്ചിരുന്നതായാണ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നത്.
സർവ്വകലാശാലയിലെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്ന ഏതാനും ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഉത്തരവ് നടപ്പാക്കാനും വിസി നിർദ്ദേശം നൽകി.ഒരു ഉദ്യോഗസ്ഥരെയും സർവ്വകലാശാല ക്യാമ്പസ്സിനുപുറത്തേക്ക് സ്ഥലം മാറ്റിയിട്ടില്ല.
സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗം കൂടിയായ ലിസി മാത്യു ഇപ്പോൾ പിവിസിയുടെ ചുമതലയും വഹിക്കുന്നുണ്ട്.
മന്ത്രി എം.ബി രാജേഷിന്റെ ഭാര്യ ഡോ: നിനിതാ കണിച്ചേരിയെ സംസ്കൃത സർവകലാശാലയിലും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎമ്മിന്റെ
നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേ ഷിന്റെ ഭാര്യ ഡോ: പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിലും അധ്യാപകരായി നിയമിക്കുന്നതിനുള്ള സെലെക്ഷൻ കമ്മിറ്റിയിൽ ഡോ: ലിസി മാത്യു വിദഗ്ധ അംഗ മായിരുന്നത് വലിയ വിവാദമായിരുന്നു
