ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി ഗോവിന്ദന്‍

AnilKumar BalaKrishnan

തിരുവനന്തപുരം : തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ച പി.കെ ശ്യാമളയ്ക്ക് എതിരായ വിവാദങ്ങള്‍ സിപിഎം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.കെ. ശ്യാമളക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും വിവാദങ്ങളും അനാവശ്യമെണെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ എന്ന് ചോദിച്ചു. എം.വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമളയെയാണ് തളിപ്പറമ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഇതിനെതിരെ സൈബറിടത്ത് സിപിഐ എം അനുകൂലികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ഥി പാനല്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച് ഓരോ മണ്ഡലത്തിലിയെും കാര്യങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു. ഇതിനിടെയിലാണ് പി.കെ ശ്യാമളയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം ചില അംഗങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുന്‍പും ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നായിരുന്നു ഇതിന് എം.വി ഗോവിന്ദന്‍റെ മറുപടി. പി.കെ ശ്യാമളയെ മത്സരിപ്പിക്കുന്നതില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്നും നേതൃത്വം നിലപാടെടുത്തു.

തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് നേരത്തെ സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റും വ്യക്തമാക്കിയിരുന്നു. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഉയർന്ന പ്രാദേശിക എതിർപ്പുകൾ വകവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. സംസ്ഥാന സെക്രട്ടറി എന്ന പരിഗണനയിലാണ് ശ്യാമളയ്ക്ക് സീറ്റ് നല്‍കിയത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ആക്ഷേപം. സമൂഹമാധ്യമങ്ങളിലൂടെയാണ് പാർട്ടി അനുകൂലികൾ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത്. പി.കെ ശ്യാമള ജനകീയ അല്ലെന്നും ആന്തൂര്‍ നഗരസഭാ അധ്യക്ഷയായ സമയത്തുണ്ടായ പ്രവാസി ആത്മഹത്യ അടക്കമുള്ള വിഷയങ്ങള്‍ ജയസാധ്യതയെ ബാധിക്കും എന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വലിയ അഴിച്ചുപണികളോടെയാണ് സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമാക്കിയത്. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പേരാവൂരിൽ തന്നെ ജനവിധി തേടും. പേരാമ്പ്രയിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ വീണ്ടും മത്സരിക്കും. എം.എം. മണിയെ ഒഴിവാക്കി. ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥിയാകും. മലപ്പുറത്തെ തവനൂർ നിലനിർത്താൻ കെ.ടി. ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സമാനമായ രീതിയിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് എ.സി. മൊയ്തീനെ നാലാം തവണയും മത്സരരംഗത്തിറക്കാൻ സി.പി.ഐഎം ആലോചിക്കുന്നുണ്ട്.

Share This Article