മന്ത്രി വീണ ജോര്‍ജിന്‍റേത് വെറും അഭിനയം; എം വി ഗോവിന്ദൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ്

insight kerala

ആലപ്പുഴ:ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും ‘അഭിനയം’ മാത്രമാണെന്നും ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മന്ത്രിക്കെതിരായ അക്രമം എന്ന ആരോപണം പൂർണ്ണമായും വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ ‘പെടലി’ പിടിച്ചു തിരിച്ചുവെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവന കേട്ട് താൻ ഞെട്ടിപ്പോയെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കാനാണ് സി.പി.എം സെക്രട്ടറി ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ഇത്തരത്തിൽ നുണ പറയുന്ന ഒരാൾ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാർഥത്തിൽ മന്ത്രിയെ ആരും പിടിച്ചു തിരിച്ചിട്ടില്ലെന്നും, അവർ പ്രകോപിതയായി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ പൊലീസ് അവരെ തടയുകയായിരുന്നുവെന്നും ദൃശ്യങ്ങൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു. ‘മാഡം പോകരുത്’ എന്ന് പറഞ്ഞ് പൊലീസ് മന്ത്രിയെ വട്ടം പിടിക്കുന്നതാണ് എല്ലാവരും കണ്ടത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും ഇത് ആസൂത്രിതമായ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ അഞ്ച് മന്ത്രിമാർ ചേർന്ന് തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരമൊരു നാടകം അരങ്ങേറുന്നത്. കെ.എസ്.യു പ്രവർത്തകരെ വിട്ട് മന്ത്രിയെ ആക്രമിക്കാൻ അയച്ചത് ഞാനാണെന്ന് വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം. തന്‍റെ പി.ആർ ജോലി മന്ത്രിമാർ തന്നെ ഏറ്റെടുത്തിരിക്കുകയാണെന്നും അതിൽ പരാതിയില്ലെന്നും സതീശൻ പരിഹസിച്ചു.

കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തി പ്രതിപക്ഷത്തിന്‍റെ സമരയാത്രകൾ തടയാമെന്ന് സർക്കാർ കരുതേണ്ടെന്നും ആരെയും പേടിച്ച് ജാഥ നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഇപ്പോൾ സംഭവിക്കുന്നത്. നിരവധി പ്രവർത്തകരും നേതാക്കളും കോൺഗ്രസിലേക്ക് ചേരുന്നതായും താൻ ഇന്നുവരെ കാണാത്ത ഒരു പ്രതിഭാസമാണ് ഇതെന്നും സതീശൻ അവകാശപ്പെട്ടു. ഇടുക്കിയിലെ സി.പി.എം മുൻ എം.എൽ.എ രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് പോയ കാര്യം ഓർമ്മിപ്പിച്ചുകൊണ്ട്, മറ്റുള്ളവരുടെ കാര്യം പറയുന്നതിന് മുൻപ് സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം സർക്കാരിനെ ഉപദേശിച്ചു. ഭരണവിരുദ്ധ വികാരം മറച്ചുപിടിക്കാൻ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article