ആലിന്റെ അവയവങ്ങൾ മാറ്റിവെക്കാൻ പണം പിരിക്കുന്നു; തട്ടിപ്പിനെതിരെ കുടുംബം

insight kerala

മസ്തിഷ്ക മരണത്തിന് പിന്നാലെ അവയവങ്ങൾ ദാനം ചെയ്ത് വിടവാങ്ങിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പണപ്പിരിവ് നടത്തുന്നതായി പരാതി. ആലിൻ ദാനം ചെയ്ത അവയവങ്ങൾ സ്വീകർത്താക്കളായ കുട്ടികളിൽ വെച്ചുപിടിപ്പിക്കുന്നതിന് പണം ആവശ്യമുണ്ടെന്ന തരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരും ഒരു രൂപ പോലും നൽകരുതെന്നും ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ വ്യക്തമാക്കി.

​സർക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ ആരെയും പണത്തിനായി സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവയവങ്ങൾ സ്വീകരിക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും പൂർണ്ണമായും സൗജന്യമായാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് പണമില്ലെന്ന പേരിൽ വ്യാജ അക്കൗണ്ടുകൾ വഴിയുള്ള പ്രചാരണം ജനങ്ങളെ കെണിയിലാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

​ഫെബ്രുവരി അഞ്ചിന് പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് ആലിൻ ഷെറിന് മാരകമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ ആലിന്റെ വൃക്കകൾ, കരൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അഞ്ച് പേർക്കാണ് കുഞ്ഞു ആലിന്റെ അവയവങ്ങളിലൂടെ പുതുജീവിതം ലഭിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ഖ്യാതിയോടെ കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചത്.

Share This Article