2035 ആകുമ്പോൾ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ ജനസംഖ്യാ പഠനം. മതപരിവർത്തനത്തേക്കാൾ ഉയർന്ന ജനനനിരക്കാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.
2020ലെ കണക്കുകൾ പ്രകാരം ലോകത്ത് 227 കോടി ക്രിസ്തുമത വിശ്വാസികളും 202 കോടി മുസ്ലിംകളുമാണുള്ളത്. എന്നാൽ 2035ഓടെ മുസ്ലിം ജനസംഖ്യ 257 കോടിയായി ഉയരുമെന്നും ക്രിസ്തുമത വിശ്വാസികളുടെ എണ്ണം 252 കോടിയായിരിക്കുമെന്നും പഠനം പ്രവചിക്കുന്നു.
2020 മുതൽ 2025 വരെയുള്ള കാലയളവിൽ ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികളാണ് ജനിച്ചത്. ക്രിസ്ത്യൻ സ്ത്രീകളിൽ ഇത് 2.5 ആണ്. മറ്റു മതവിഭാഗങ്ങളിൽ ശരാശരി ജനനനിരക്ക് 1.6 മാത്രമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ 2070ഓടെ ലോകത്തെ മുസ്ലിം ജനസംഖ്യ 360 കോടിയിലധികമാകും. ക്രിസ്ത്യൻ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കുമെന്നും കണക്കാക്കുന്നു.
അതേസമയം, ലോകജനസംഖ്യയിൽ ഹിന്ദുക്കളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെങ്കിലും ആഗോള ജനസംഖ്യയിലെ അവരുടെ വിഹിതം കുറയുമെന്നാണ് പ്രവചനം. ജൂത ജനസംഖ്യയുടെ കാര്യത്തിലും സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിലും ആഗോള ജനസംഖ്യയിലെ വിഹിതത്തിലും കുറവുണ്ടാകുമെന്നും പഠനം പറയുന്നു.
അമേരിക്കയിലും കാനഡയിലും ക്രിസ്തുമത വിശ്വാസികളുടെ ജനസംഖ്യാ വിഹിതം കുറയുമെന്നും പഠനം പ്രവചിക്കുന്നു. അമേരിക്കയിൽ നിലവിൽ 62 ശതമാനമുള്ള ക്രിസ്ത്യൻ ജനസംഖ്യ 2065ഓടെ 50 ശതമാനത്തിൽ താഴെയെത്തിയേക്കും. മതവിശ്വാസമില്ലാത്തവരുടെ എണ്ണം വർധിക്കുന്നതും ഇതിന് കാരണമാകുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും വരും ദശകങ്ങളിൽ ജനസംഖ്യാ വർധനയുടെ വലിയൊരു ഭാഗം സംഭവിക്കുക. പ്രത്യേകിച്ച് സഹാറയ്ക്ക് തെക്കുള്ള മേഖലകളിൽ. ഇതോടെ ലോകത്തെ ക്രിസ്ത്യൻ, മുസ്ലിം ജനസംഖ്യയിൽ ആഫ്രിക്കയുടെ പങ്കും വർധിക്കും. 2070ഓടെ ലോകത്തെ ക്രിസ്ത്യാനികളിൽ പകുതിയിലധികവും ഈ മേഖലയിൽ നിന്നായിരിക്കുമെന്നും പ്രവചനമുണ്ട്.
2070ഓടെ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി പാകിസ്ഥാൻ മാറിയേക്കും. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയെ ഇന്ത്യയും നൈജീരിയയും പിന്തുടരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം, ക്രിസ്ത്യൻ ജനസംഖ്യാ വളർച്ചയെ ഒരു മതം മറ്റൊരു മതത്തിന്റെ ചെലവിൽ വളരുന്നതായി കാണരുതെന്ന് പ്യൂ റിസർച്ച് സെന്ററിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ജനനനിരക്കും പ്രായഘടനയിലെ വ്യത്യാസങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്നും മതപരിവർത്തനത്തിന്റെ പങ്ക് താരതമ്യേന ചെറുതാണെന്നും പഠനം വ്യക്തമാക്കുന്നു. ലോകത്തെ പ്രധാന മതവിഭാഗങ്ങളുടെ ജനസംഖ്യാ വളർച്ച, ജനനനിരക്ക്, കുടിയേറ്റം, മതപരമായ തിരിച്ചറിയലിലെ മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് 2020 മുതൽ 2070 വരെയുള്ള പ്രവചനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

