ഇന്ത്യയിലേക്ക് പാക് മന്ത്രി;സിന്ധു നദീ ജല കരാറിൽ മന്ത്രിയുടെ പഴയ ഭീഷണി വീണ്ടും ചർച്ചയാകുന്നു

insight kerala

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാകിസ്താൻ മന്ത്രി മുസാദിഖ് മാലിക്ക് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) സാംസ്കാരിക സംവാദ വേദിയിൽ പാകിസ്താനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ന്യൂഡൽഹിയിലെത്തുന്നത്.

ഇന്ത്യയുടെ ജലനയത്തിനെതിരെ നേരത്തെ നടത്തിയ രൂക്ഷമായ പ്രസ്താവനകളാണ് മാലിക്കിന്റെ സന്ദർശനത്തിന് പ്രത്യേക ശ്രദ്ധ നേടിക്കൊടുക്കുന്നത്. 2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഇതിനെതിരെ ജൂണിൽ നടന്ന ഒരു സെമിനാറിൽ സംസാരിക്കവെ മാലിക്ക് നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു.

“ഞങ്ങളുടെ വെള്ളം തൊടുന്നവരുടെ കൈകൾ വെട്ടിമാറ്റും” എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ദുഷാൻബെയിൽ നടന്ന ജലസംബന്ധമായ സമ്മേളനത്തിലും ഇന്ത്യക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. ജലത്തെ ആയുധമാക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും സിന്ധു നദീജല കരാർ മാനിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഡൽഹി സന്ദർശനത്തിനിടെ ഈ വിഷയം ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, ഇത് ഉഭയകക്ഷി ചർച്ചയ്ക്കുള്ള വേദിയല്ലെന്നായിരുന്നു മാലിക്കിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ടുകൾ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നവംബർ 20 മുതൽ 22 വരെയാണ് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിൽ എസ്‌സിഒ സാംസ്കാരിക സംവാദ വേദി നടക്കുന്നത്. 2023ൽ ബിലാവൽ ഭൂട്ടോ സർദാരി ഇന്ത്യയിലെ എസ്‌സിഒ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു പാക് ഫെഡറൽ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പാക് നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്.

ആദ്യം പാകിസ്താന്റെ ദേശീയ പൈതൃക-സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിക്കായിരുന്നു ഇന്ത്യ ക്ഷണം നൽകിയത്. എന്നാൽ, പിന്നീട് മുസാദിഖ് മാലിക്കിനെ പകരം പ്രതിനിധിയായി പാകിസ്താൻ നാമനിർദേശം ചെയ്യുകയായിരുന്നു. ചൈന, കസാഖിസ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളടക്കം 15 രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന ആദ്യ എസ്‌സിഒ സാംസ്കാരിക സംവാദ വേദിയാണിത്. അംഗരാജ്യങ്ങൾക്കിടയിൽ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുക, പൊതുപൈതൃകം പങ്കുവെക്കുക, ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ഭീഷണി പ്രസ്താവനകളിലൂടെ നേരത്തെ വാർത്തകളിൽ ഇടംപിടിച്ച മന്ത്രി ഇന്ത്യയിലെത്തുന്നത് നയതന്ത്ര തലത്തിലും ശ്രദ്ധേയമാകുകയാണ്.

Share This Article