16 വയസ്സുകാരെയും കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമോ? നിയമഭേദഗതി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

insight kerala

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. കുട്ടികൾക്ക് 16 വയസാകുമ്പോഴേക്കും കാര്യങ്ങൾ തിരിച്ചറിയാനുള്ള പക്വത കൈവരിക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.

കേരളത്തിൽ 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് തടയണമെന്ന അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. നെടുമ്പാശ്ശേരിയിൽ 19 വയസ്സുകാരൻ മദ്യലഹരിയിൽ മിനി കൂപ്പർ കാർ ഓടിച്ചതിനെത്തുടർന്നുണ്ടായ അപകടവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകടത്തിന് മുമ്പ് എറണാകുളത്തെ വിവിധ ബാറുകളിൽ നിന്ന് യുവാക്കൾക്ക് മദ്യം നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതായും ഹർജിയിൽ പറയുന്നു.

18 വയസ്സിൽ താഴെയുള്ളവർ പോലും മദ്യപിച്ച് വാഹനാപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം, 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എക്സൈസ് ഉദ്യോഗസ്ഥരും ബാർ ഉടമകളും തമ്മിൽ ഒത്തുകളി നടക്കുന്നതായും നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നതായും ഹർജിക്കാരൻ ആരോപിച്ചിട്ടുണ്ട്. ബാറുകളിൽ പ്രായം ഉറപ്പാക്കാനുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തുക, നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക, ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി നവംബർ 24ന് കോടതി വീണ്ടും പരിഗണിക്കും.

ശ്രദ്ധിക്കുക: 16 വയസ് ആക്കി പ്രായപരിധി കുറയ്ക്കാൻ കോടതി ഉത്തരവിട്ടിട്ടില്ല. ഇക്കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന നിരീക്ഷണം മാത്രമാണ് നടത്തിയത്.

Share This Article