ബാര്‍ ലൈസന്‍സുകളടക്കമുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; എക്‌സൈസ് മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറി; ഇന്ന് പ്രഖ്യാപനം ഉണ്ടാകും

insight kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-ഉദ്യോഗസ്ഥ തല വിവാദങ്ങള്‍ക്ക് വഴിവെച്ച ബാര്‍ ലൈസന്‍സ് അനുവദിച്ച നടപടികളില്‍ സമഗ്ര വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. എക്‌സൈസ് മന്ത്രി എം.ലിജുവാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. മുന്‍ എക്‌സൈസ് കമ്മീഷണര്‍ വി. ശ്രീറാം സാംബശിവറാവു ചുമതലയിലുണ്ടായിരുന്ന കാലഘട്ടത്തിലെ മുഴുവന്‍ നടപടികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ മന്ത്രി കൈമാറിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ച് ആഭ്യന്തര വകുപ്പിലേക്ക് നല്‍കുന്നതോടെ ഔദ്യോഗിക ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.

സാംബശിവറാവു എക്‌സൈസ് കമ്മീഷണറായിരുന്ന സമയത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും പഴയവ പുതുക്കി നല്‍കിയതുമായ മുഴുവന്‍ നടപടികളും അന്വേഷണ പരിധിയില്‍ കൊണ്ടുവരും. കമ്മീഷണറുടെ സ്ഥാനത്ത് നിന്നും മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് വകുപ്പിലെ ചില ഉന്നതരുടെ അഴിമതി ചൂണ്ടിക്കാട്ടി സാംബശിവറാവു സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാര്‍ ഉടമകളുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നായിരുന്നു കത്തിലെ പ്രധാന ആരോപണം. എന്നാല്‍ തനിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാണ് സാംബശിവറാവു ഇത്തരമൊരു കത്ത് നല്‍കിയതെന്ന നിലപാടിലാണ് എക്‌സൈസ് വകുപ്പ്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂറുള്ള പ്രത്യേക അനുമതി അത്യാവശ്യമാണ്. ഈ പ്രോസിക്യൂഷന്‍ അനുമതി ഉടന്‍ തന്നെ നല്‍കുമെന്നാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അതിവേഗത്തില്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട പഴുതുകളെക്കുറിച്ചും പ്രത്യേക അന്വേഷണം ഉണ്ടായിരിക്കും. ബാര്‍ ഉടമകളില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലി വാങ്ങിയത് അറിഞ്ഞിട്ടും സ്ഥലംമാറ്റം ഉണ്ടാകുന്നത് വരെ അത് സര്‍ക്കാരിനെയോ മന്ത്രിയെയോ അറിയിക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായാണ് കാണുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article