വൈദ്യുതി കരാർ ; മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ മന്ത്രിസഭായോഗം ഇന്ന്

insight kerala

തിരുവനന്തപുരം : വൈദ്യുതി ഇടപാടില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിലുള്ള ഭിന്നതയ്ക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളില്‍ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. എല്ലാ മന്ത്രിമാരെയും മറികടന്ന് അഴിമതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായാണ് പ്രതിപക്ഷ ആരോപണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്.

വൈദ്യുതി വിവാദത്തില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരാര്‍ വിവാദം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും. കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വന്‍ വൈദ്യുതി കൊള്ള നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞെന്നും ഒക്ടോബര്‍ 10ലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലെന്നു വ്യക്തമായതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Share This Article