ടെഹ്റാൻ : പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കേന്ദ്രം സന്ദർശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇറാൻ സായുധ സേനാ മേധാവി അലി അബ്ദൊല്ലാഹിയും റെവല്യൂഷണറി ഗാർഡ്സിന്റെ എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ മജീദ് മൂസവിയും ഭൂഗർഭ മിസൈൽ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടത്. എന്നാൽ കേന്ദ്രം എവിടെയാണെന്നോ സന്ദർശനം എപ്പോൾ നടന്നതാണെന്നോ അറിയില്ല. വിശാലമായ ഭൂഗർഭ തുരങ്ക സമുച്ചയം. നിരനിരയായി സൂക്ഷിച്ചിരിക്കുന്ന വലിയ മിസൈലുകൾ, സൈനിക ട്രക്കുകൾ, മിസൈൽ നീക്കത്തിനുള്ള വാഹനങ്ങൾ, ഇറാന്റെ പതാകകൾ, റെവല്യൂഷണറി ഗാർഡ്സിന്റെ ബാനറുകൾ എന്നിവയും കാണാം.
അതേസമയം, ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ തിരിച്ചടി മിഡിൽ ഈസ്റ്റിന് പുറത്തേക്കും വ്യാപിക്കുമെന്ന് സൈനിക മേധാവി അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം ശനിയാഴ്ച പുറത്തുവിടുമെന്ന് റെവല്യൂഷണറി ഗാർഡ്സ് നേരത്തെ അറിയിച്ചിരുന്നു. സംഘർഷം അമേരിക്കയുമായും ഇസ്രായേലുമായും കൂടുതൽ രൂക്ഷമായാൽ ഇതുവരെ പുറത്തുവിടാത്ത ആയുധങ്ങൾ കൂടി ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ ഇത്തരം ഭൂഗർഭ കേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നത് മിസൈൽ നഗരങ്ങൾ എന്നാണ്. മിസൈലുകൾ സൂക്ഷിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്. ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽ നിന്ന് മിസൈലുകളും വിക്ഷേപണ സംവിധാനങ്ങളും സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ആയുധങ്ങളും നിർമാണ കേന്ദ്രങ്ങളും ഭൂമിക്കടിയിലേക്ക് മാറ്റുമ്പോൾ ഏത് യുദ്ധസാഹചര്യത്തിലും സൈനിക പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ.
ഇസ്രായേൽ പലതവണ ഇറാന്റെ ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ യുദ്ധത്തിനിടെ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, മറ്റ് സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇതിലൂടെ ഇറാന്റെ തിരിച്ചടിക്കാനുള്ള ശേഷി കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടതിലൂടെ ഇറാന്റെ മിസൈൽ ശൃംഖല ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും മറ്റൊരു സൈനിക ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും വ്യക്തമാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.

