എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ റദ്ദാക്കിയത്. FL 7 ലൈസൻസിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. ലൈസൻസിനായി അടച്ചിട്ടുള്ള 200000 രൂപ തിരികെ ലഭിക്കാൻ ഈ ട്രഷറിയിൽ അപേക്ഷ നൽകാം.
അതേസമയം, പുതിയ മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് നൽകരുതെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ് നികുതി വകുപ്പ്. സർക്കാർ നിർദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസൻസ് നൽകരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.
കൂടാതെ, മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് എക്സൈസ് വകുപ്പിന്റെ ശിപാർശ. പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കാനുള്ള നടപടികളും വേഗത്തിലാക്കിയിരിക്കുകയാണ് സർക്കാർ. പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്.
പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, എക്സൈസ് മന്ത്രി എം. ലിജു എന്നിവരുമായി ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തിയിട്ടുണ്ട്. യുവ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈകാതെ പുതിയ കമ്മീഷണറെ നിയമിക്കുമെന്നാണ് സൂചന.

