തിരുവനന്തപുരം : വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് വീണ്ടും സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിവാദമായ രക്ഷാപ്രവർത്തനം ഉണ്ടായത്. കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി സസ്പെൻഷൻ ശുപാർശ ചെയ്യുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയുമായിരുന്നു. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ നിർണായക നടപടിയുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് അട്ടിമറി നടന്നത്.
