വീണാ ജോര്‍ജിനെ KSU പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസ്, കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് കണ്ണൂര്‍ മുന്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ. അക്രമത്തിനിടെ വീണ ജോര്‍ജ് തെറിച്ചു പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്ന് ദീപ്തി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു . ആദ്യ ആന്വേഷണ സംഘം തന്‍റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി, എസ്ഐടിക്ക് മൊഴി നല്‍കി.
കണ്ണൂര്‍ റയില്‍ വേ സ്റ്റേഷനില്‍ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിന് നേരെ പ്രതിഷേധം ഉണ്ടായ സമയം സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നത് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ ദീപ്തിക്ക് .സംഭവത്തിന്‍റെ പ്രധാന സാക്ഷിയെന്ന നിലയിലാണ് പ്രത്യേക അന്വേഷണ സംഘം ദീപ്തിയുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. അക്രമത്തിനിടെ വീണാ ജോര്‍ജ് തെറിച്ചു പോയെന്ന മൊഴിയാണ് ദീപ്തിയുടേതെന്ന പേരില്‍ ആദ്യ അന്വേഷണ സംഘം രേഖപ്പെടുത്തിയത്. എന്നാല്‍ എസ് ഐ ടി ചോദിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു മൊഴിയുടെ കാര്യം അറിഞ്ഞതെന്ന് ദീപ്തി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തന്‍റെ പേരില്‍ കൃത്രിമ മൊഴി സൃഷ്ടിച്ചതാണെന്നും അന്വേഷണ സംഘം തന്‍റെ മൊഴി എടുത്തിട്ടേയില്ലെന്നും ദീപ്തി എസ് ഐടിക്ക് മൊഴി നല്‍കി.ആയുധം ഉപയോഗിച്ച് വീണയെ അക്രമിക്കാന്‍ ശ്രമിച്ചത് കണ്ടിട്ടില്ലെന്നും ഇവര്‍ എസ് ഐ ടിയോട് പറഞ്ഞു. ഇതോടെ കേസിന് ബലം പകരാനായി ആദ്യ അന്വേഷണ സംഘം വ്യാജ മൊഴി നിര്‍മിച്ചതാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ആദ്യ അന്വേഷണ സംഘത്തിന്‍റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിക്ക് എസ് ഐ ടി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയതിലെ നടപടി ക്രമങ്ങളിലും വീഴ്ചയുണ്ടായുണ്ടായതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കേസിലെ പരാതിക്കാരനായ വീണാ ജോര്‍ജിന്‍റെ ഗണ്‍മാന്‍ എംസി
അഭിലാഷ് എസ് ഐ ടിക്കു മുന്നില്‍ മൊഴി മാറ്റിയിരുന്നു. ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് മന്ത്രി പറഞ്ഞിട്ടാണെന്നായിരുന്നു അഭിലാഷ് എസ് ഐ ടിയോട് പറഞ്ഞത്.
