കോട്ടയം: യഥാർത്ഥ ശബരിപാത ഏതാണ് എന്നത് സംബന്ധിച്ച് പുനർവിചിന്തനവും പുനർനിർണയവും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ശബരിമല തീർത്ഥാടന കാലത്ത് റെയിൽവേ 180 സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നുവെന്നും ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ അടക്കം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
