കെ വി നിരഞ്ജന്‍
കൊച്ചി: രജനികാന്ത് നായകനായ ‘ജയിലര്‍ 2’ എന്ന തമിഴ് ചിത്രത്തില്‍, മലയാളി സൂപ്പര്‍താരം മോഹന്‍ലാലിന്റെ ‘മാത്യു’ എന്ന കാമിയോ കഥാപാത്രത്തിന്റെ രംഗങ്ങള്‍ വെട്ടിച്ചുരുക്കിയതും, ക്ലൈമാക്‌സില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വന്‍ വിവാദം. ലാല്‍ ഫാന്‍സുകാര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അതിശക്തമായാണ് പ്രതികരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദീന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സിനിമയ്ക്കായി മോഹന്‍ലാല്‍ എടുത്ത മൂന്ന് വ്യത്യസ്ത ലുക്കുകളും ഷൂട്ട് ചെയ്ത പ്രധാന രംഗങ്ങളും ഫൈനല്‍ കട്ടില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെപ്പോലൊരു വലിയ താരത്തെ ഇത്തരത്തില്‍ തരംതാഴ്ത്തിയത് അനാവശ്യമായിരുന്നുവെന്നും, ഇനി ഒരു ‘ജയിലര്‍ 3’ ഉണ്ടായാല്‍ താന്‍ അതിന്റെ ഭാഗമാകില്ലെന്നും ജിഷാദ് തുറന്നടിച്ചു.
ക്ലൈമാക്‌സില്‍ ബോഡി ഡബിള്‍
ക്ലൈമാക്‌സ് രംഗത്തില്‍ മോഹന്‍ലാലിന് പകരം ബോഡി ഡബിള്‍ ആണ് അഭിനയിച്ചതെന്ന വിവരങ്ങള്‍ പുറത്തുവന്നത് ആരാധകരെ കൂടുതല്‍ പ്രകോപിപ്പിച്ചു. പ്രമുഖ മലയാളി മിമിക്രി കലാകാരനായ ജോബി കൊടകര താന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പായി അഭിനയിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് എസ്.ജെ. സൂര്യ, ജാക്കി ഷറോഫ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ അതേ കോസ്റ്റ്യൂം ധരിച്ചുനില്‍ക്കുന്ന ചിത്രങ്ങളും ജോബി പങ്കുവെച്ചിരുന്നു., ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചു വരുന്ന രംഗത്തിലാണ് മോഹന്‍ലാലിന് പകരം ജോബി കൊടകര അഭിനയിച്ചത്. ആദ്യ ഷോകളില്‍ മോഹന്‍ലാലുമായുള്ള രൂപസാദൃശ്യം കാരണം പലര്‍ക്കും ഇത് മനസ്സിലായിരുന്നില്ല.എന്നാല്‍ ലാലേട്ടന്‍ ആരാധകരുടെ ഭാഗത്തുനിന്ന് വന്‍തോതില്‍ സൈബര്‍ ആക്രമണവും പ്രതിഷേധവും ഉയര്‍ന്നതോടെ ജോബി പിന്നീട് ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തു.
തങ്ങളുടെ പ്രിയ താരത്തിന്റെ സ്‌ക്രീന്‍ സ്‌പേസ് വെറും രണ്ട് മിനിറ്റിലേക്ക് ചുരുക്കിയതിലും, ക്ലൈമാക്‌സ് രംഗത്തില്‍ പോലും ഒറിജിനല്‍ താരത്തിന് പകരം ഡ്യൂപ്പിനെയും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ചതിലും മോഹന്‍ലാല്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും നിര്‍മ്മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സിനുമെതിരെ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രജനികാന്തിന്റെ മാസ്സ് കൂട്ടാന്‍ വേണ്ടി ബോധപൂര്‍വ്വം മറ്റ് സൂപ്പര്‍താരങ്ങളുടെ രംഗങ്ങള്‍ വെട്ടിമാറ്റിയതാണെന്ന ആരോപണവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഈ വിവാദത്തില്‍ സംവിധായകന്‍ നെല്‍സന്റെ ഭാഗത്തുനിന്നോ സണ്‍ പിക്‌ചേഴ്‌സിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.
നിരാശപ്പെടുത്തിയ കാമിയോകള്‍
ജയിലര്‍ ഒന്നാം ഭാഗത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം, ശരിക്കും
തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിന്റെ കാമിയോയും പൊളിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും നന്നായില്ല. ജയിലര്‍ ഒന്നില്‍ നിര്‍ണ്ണായക സമയത്ത് പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം വലിയ ഓളമായിരുന്നു തീയേറ്റില്‍ ഉണ്ടാക്കിയത്്. എന്നാല്‍ ഇവിടെ അതുപോലെ ഒരു നിമിഷത്തിലല്ല കഥാപാത്രത്തിന്റെ എന്‍ട്രി. ആദ്യ ഭാഗത്തിലെ ഹൈപ്പ് നല്‍കിയ അത്രയും സര്‍പ്രൈസ് ഫാക്ടറോ മാസ്സ് എലിവേഷനോ ഇത്തവണ കാമിയോകള്‍ക്ക് ലഭിച്ചില്ല.

പറ്റെ പൊട്ടിപ്പോയത് ജാക്കി ഷറോഫും, ശിവരാജ് കുമാര്‍ എന്ന ശിവണ്ണയുമാണ്. ഇതില്‍ ജാക്കി ഷെറോഫിന്റെ കഥാപാത്രത്തെ കണ്ടാല്‍, പണ്ട് മയിലെണ്ണയും ഉടുമ്പെണ്ണയും വില്‍ക്കാന്‍ വരുന്ന നാടോടികളെപ്പോലെ തോന്നും! ക്ലൈമാക്‌സ് സീനില്‍ ഇയാള്‍ എങ്ങനെയാണ് ആ ഹെലിപ്പാഡില്‍ എത്തിയത് എന്നൊന്നും വ്യക്തമല്ല. അതുപോലെ ശിവണ്ണയും ആകെ അവശനാണ്. കാര്യമായ സ്‌ക്രീന്‍ സ്‌പേസുമില്ല. എന്നാല്‍ കാമിയോകളില്‍ പൊളിച്ചത് സാക്ഷാല്‍ ഹൃതിക് റോഷനാണ്. എന്താണ് ആ വരവ്. കണ്ടിരുന്നുപോവും. ചിത്രത്തിന് ഹിന്ദിയിലും നല്ല മൂവുണ്ടാവുമെന്ന് ഉറപ്പാണ്.
പക്ഷേ ഇതോടെ മോഹന്‍ലാലിനെ നെല്‍സന്‍ അപമാനിച്ചു എന്ന രീതിയില്‍ വിവാദം കൊഴുക്കുകയാണ്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൊന്നും ജയിലര്‍ – ഷെയര്‍ ചെയ്യപ്പെട്ടിട്ടുമില്ല. ജയിലര്‍-3 ഇറങ്ങുകയാണെങ്കില്‍ മോഹന്‍ലാല്‍ സഹകരിക്കരുത് എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

