ഒന്നും രണ്ടുമല്ല ഒരേ സമയം അഞ്ചുബോഡി ഡബിളുകള്‍; വനമധ്യത്തിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റി; 100 കോടി പൗണ്ടിനടുത്ത് ചെലവിട്ട് കനത്ത സുരക്ഷ; യുക്രൈന്റെ ഡ്രോണ്‍ വര്‍ഷത്തിനിടയില്‍ ചങ്കിടിച്ച് വ്‌ളാദിമിര്‍ പുടിനും!

insight kerala

കെ വി നിരഞ്ജന്‍

എന്നും അതിശയോക്തി കലര്‍ന്ന നിറംപിടിപ്പിച്ച കഥകള്‍ക്ക് നടുവിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ജീവിതം. സൈനിക നിഗൂഢതകളുടെ യൂണിവേഴ്‌സിറ്റിയാണ് റഷ്യയെങ്കില്‍ അതിന്റെ ചാന്‍സിലറാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നാണ് പറയുക. റഷ്യയുടെ പ്രസിഡന്റല്ല, അക്ഷരാര്‍ത്ഥത്തില്‍ ചക്രവര്‍ത്തിയാണ് പുടിന്‍. മരിക്കുന്നതുവരെ രാജ്യത്തിന്റെ പ്രസിഡന്റ് ആവാന്‍ കഴിയുന്ന രീതിയില്‍ അദ്ദേഹം ഭരണഘടന ഭേദഗതി ചെയ്തു കഴിഞ്ഞു. റഷ്യയില്‍ എല്ലാം പുടിനാണ്. അയാളെ വിമര്‍ശിച്ചാല്‍ മരണം നിങ്ങളെ തേടിയെത്തും. രാജ്യത്തെ തന്റെ സ്വകാര്യ കമ്പനിപോലെയാണ് പുടിന്‍ കൊണ്ടുനടക്കുന്നത്. ഒന്നും രണ്ടുമല്ല, ഇരുപതിനായിരം കോടി ഡോളറിന്റെ പേഴ്‌സണല്‍ സമ്പാദ്യമാണ്, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഈ ഏകാധിപതിക്കുള്ളതെന്നാണ് കണക്ക്.

ഈ 71-ാം വയസ്സിലും കാലുകൊണ്ട് ചെവി ചൊറിയത്തക്ക രീതിയില്‍ ഫിറ്റായ ജൂഡോ അഭ്യാസിയാണ് അയാള്‍. ഇടക്കിടെ പര്‍വതം കയറിയും, കുതിരപ്പുറത്ത് നീന്തിയുമൊക്കെ പുടിന്‍ കരുത്ത് പ്രകടിപ്പിക്കാറുണ്ടായിരുന്നു. തനിക്ക് ചുറ്റം ഒരു അതിമാനുഷ പരിവേഷം കൂടിയുണ്ടാക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. കടുവകളുമായി കുശലം പറച്ചില്‍, ഷര്‍ട്ടില്ലാതെ കരുത്തുറ്റ പേശികള്‍ കാണിച്ചുള്ള ഫോട്ടോകള്‍, ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകള്‍ വിഡിയോകള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആരാധകര്‍ പ്രചരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. യുക്രൈന്‍ യുദ്ധത്തില്‍ തിരിച്ചടി കിട്ടിയതോടെ പുടിനും ഭീതിയിലാണെന്നും ഡ്രോണുകളെ പേടിച്ച് താമസം മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നൂറുകോടി പൗണ്ടിന്റെ സുരക്ഷ

യുക്രെയ്നിന്റെ ദീര്‍ഘദൂര ആക്രമണങ്ങള്‍ തുടരുന്നതിനിടെ വനമധ്യത്തിലെ പുടിന്റെ കൊട്ടാരത്തിനു ചുറ്റും വ്യോമപ്രതിരോധം ശക്തമാക്കി. റഷ്യയിലെ നോവ്ഗൊറോഡ് മേഖലയിലുള്ള വാല്‍ഡായ് കൊട്ടാരത്തിനു സമീപം 50ലേറെ വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. പുടിന്റെ സുരക്ഷയ്ക്കായി വന്‍തുക ചെലവഴിച്ച് പ്രതിരോധവലയം തീര്‍ക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു.
പുടിന്റെ പങ്കാളിയും മുന്‍ ജിംനാസ്റ്റിക് താരവുമായ അലീന കബയേവയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്ന വാല്‍ഡായ് കൊട്ടാരത്തിനു ചുറ്റുമാണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. വ്യോമപ്രതിരോധ ആയുധങ്ങള്‍, അവ സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങള്‍, സൈനികര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ ചെലവ് 100 കോടി പൗണ്ടിനടുത്തെത്തുമെന്നാണ് കണക്ക്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 11,000 കോടി വരുമിത്.

കൊട്ടാരസമുച്ചയത്തിന്റെ തെക്കുഭാഗത്ത് 31 മൈല്‍ ചുറ്റളവിലായി 15 പുതിയ ഗോപുരങ്ങള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. വാല്‍ഡായിലെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന വിവരങ്ങള്‍ റേഡിയോ സ്വോബോഡയാണ് പുറത്തുവിട്ടത്. കൊട്ടാരത്തിനു സമീപം 30 പ്രതിരോധ ഗോപുരങ്ങളുണ്ടെന്നായിരുന്നു ഈ മാസം ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, പുതിയ അന്വേഷണത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും സമീപപ്രദേശങ്ങളിലുമായി ഏകദേശം രണ്ടുകോടി ജനങ്ങളെ സംരക്ഷിക്കാന്‍ വിന്യസിച്ചിട്ടുള്ള വ്യോമപ്രതിരോധ കേന്ദ്രങ്ങളുടെ പകുതിയോളം വരും വാല്‍ഡായിലെ സംവിധാനങ്ങളെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, കൊട്ടാരത്തിനു ചുറ്റുമുള്ള പ്രദേശത്തെ ജനസംഖ്യ ഒരു ലക്ഷത്തില്‍ താഴെയാണ്. കൊട്ടാരത്തില്‍ നിന്ന് വെറും 1,312 അടി അകലെയും മിസൈല്‍ വിക്ഷേപണ സംവിധാനമുള്ള ഒരു ഗോപുരമുണ്ട്. പാന്‍സിര്‍, ടോര്‍ വിഭാഗങ്ങളിലുള്ള വിമാനവേധ മിസൈല്‍ സംവിധാനങ്ങളാണ് പ്രധാനമായും ഇവിടെ വിന്യസിച്ചിരിക്കുന്നത്. എസ്-400 വ്യോമപ്രതിരോധ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. പ്രദേശത്ത് സൈനിക സാന്നിധ്യവും നിര്‍മാണപ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു.

. യുക്രെയ്ന്‍ ആക്രമണങ്ങള്‍ ശക്തമാക്കിയതാണ് പുടിന്റെ വസതിക്കു ചുറ്റും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുടിന്റെ വസതി ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതിനായി വാല്‍ഡായ്ക്കു സമീപമുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കു മുകളില്‍ പ്രത്യേക വലകളും സ്ഥാപിച്ചിട്ടുണ്ട്. യുക്രെയ്നിന്റെ ‘ഓപ്പറേഷന്‍ സ്പൈഡര്‍വെബ്’ ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കയുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ ഓപ്പറേഷന്‍ സ്പൈഡര്‍വെബില്‍, റഷ്യയിലെ പ്രധാന സൈനിക വ്യോമതാവളങ്ങള്‍ക്കു സമീപം നിര്‍ത്തിയിട്ട ട്രക്കുകളില്‍ യുക്രെയ്ന്‍ ഡ്രോണുകള്‍ ഒളിപ്പിച്ചുവച്ചിരുന്നു. ട്രക്കുകളുടെ മുകളിലൂടെ പുറത്തുവിട്ട ഡ്രോണുകള്‍ പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറന്നെത്തി ആക്രമണം നടത്തിയിരുന്നു.

റഷ്യയുടെ ടി.യു-95 തന്ത്രപ്രധാന ബോംബറുകളും ആക്രമണത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെ നോവ്ഗൊറോഡ് മേഖലയിലൂടെ കടന്നുപോകുന്ന എം-10 ദേശീയപാതയ്ക്കരികില്‍ ദീര്‍ഘദൂര ചരക്കുലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍ക്കു മുകളില്‍ പ്രത്യേക വലകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ ട്രക്കുകള്‍ വഴി കടത്തിക്കൊണ്ടുവന്ന് ആക്രമണം നടത്താനുള്ള സാധ്യത തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. വാല്‍ഡായ് കൊട്ടാരത്തില്‍ പുടിനൊപ്പം കബയേവയും അവരുടെ രണ്ടു മക്കളായ 11 വയസ്സുകാരന്‍ ഇവാനും ഏഴു വയസ്സുകാരന്‍ വ്ലാഡിമിറും താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുക്രെയ്നിന്റെ ആക്രമണശേഷി വര്‍ധിക്കുന്ന സാഹചര്യത്തില്‍, റഷ്യന്‍ പ്രസിഡന്റിന്റെ സ്വകാര്യ വസതിക്കു ചുറ്റും ഒരുക്കിയിരിക്കുന്ന വിപുലമായ പ്രതിരോധ സംവിധാനങ്ങള്‍ രാജ്യത്തെ സുരക്ഷാ ആശങ്കകളുടെ പുതിയ സൂചനയായാണ്.

ബോഡി ഡബിള്‍ ഉണ്ടോ?

യുക്രൈന്‍ ഡ്രോണുകളെ ഭയന്ന് ബോഡി ഡബിളിനെ പുടിന്‍ നന്നായി ഉപയോഗിക്കുന്നുവെന്നും പറയുന്നു. പല പൊതുവേദികളിലും പുടിന് പകരം ഡ്യൂപ്പാണ് എത്തുന്നത്.
കഴിഞ്ഞ വര്‍ഷം അലാസ്‌ക്കയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുടിന്റെ ബോഡിഡബിള്‍ ചര്‍ച്ചയായിരുന്നു. വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുടിന്റെ പതിവ് നടത്തമല്ല കാണാന്‍ കഴിഞ്ഞത്. ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.

പുടിന്റെ അഞ്ച് അപരന്‍മ്മാര്‍ ഉണ്ടെന്നാണ് പറയുന്നത്. അപരന്മാര്‍ അദ്ദേഹവുമായി പരമാവധി സാമ്യം തോന്നിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് പോലും പ്രചരണങ്ങളുണ്ട്. നേരത്തേ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെയും ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലറെ കുറിച്ചും ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുക്രൈനും പല തവണ പുടിനെതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. 2020 ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ പുടിന്‍ ഈ ആരോപണം തള്ളിക്കളയുകയായിരുന്നു. പുടിന്‍ തന്റെ അപരനെ ഉപയോഗിക്കുന്നുണ്ടെന്ന സിദ്ധാന്തം യുക്രൈനിലെ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയാണ് കിറിലോ ബുഡനോവാണ് നേരത്തെ ഉന്നയിച്ചത്. അടുത്ത കാലത്തായി പുടിന്റെ ഉയരത്തിലും ചെവിയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് യുക്രൈന്റെ മേജര്‍ ജനറല്‍ കൈറിലോ ബുഡനോവ് അവകാശപ്പെട്ടതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

insight kerala

പുടിന്റെ ചെവിയാണ് അപരനുണ്ടെന്നതിനുള്ള പ്രധാന തെളിവായി ബുഡനോവ് നിരത്തുന്നത്. ‘പുടിന്റെ ചെവിയുടെ ചിത്രം വ്യത്യസ്തമാണ്… കൂടാതെ ഇത് ഒരു വിരലടയാളം പോലെയാണ്. ഓരോ വ്യക്തിയുടെയും ചെവി മറ്റൊരാളില്‍ ആവര്‍ത്തിക്കില്ല. അത് അദ്വിതീയമാണ്. അത് ആവര്‍ത്തിക്കാനാവില്ല.’ അദ്ദേഹം ഊന്നിപ്പറഞ്ഞു. പുടിന്റെ അപരന് വ്യത്യസ്ത ശീലങ്ങള്‍, വ്യത്യസ്ത രീതികള്‍, വ്യത്യസ്ത നടത്തം തുടങ്ങി നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചിലപ്പോള്‍ വ്യത്യസ്ത ഉയരങ്ങള്‍ തന്നെ ഇവര്‍ തമ്മില്‍ കാണാനാകുമെന്നും ബുഡനോവ് ആരോപിച്ചരുന്നു.

എന്നാല്‍ ശാസ്ത്രീയ പരിശോധനകളില്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പുടിന്റെ നടത്തത്തിലും പല കഥകളുണ്ട്. ഒരു കൈ അനങ്ങാതെ, ഇടതുകൈ ആട്ടിയാട്ടിയുളള പുടിന്റെ നടത്തം കെജിബി ട്രെയിനിംഗ് സ്‌റ്റൈല്‍ ആണെന്നാണ് പറയുന്നത്. ഗണ്‍സ്ലിംഗേര്‍സ് ഗൈറ്റ് എന്നാണ് ഈ സ്‌റ്റൈല്‍ അറിയപ്പെടുന്നത്. ദീര്‍ഘകാലം കെജിബി ഉദ്യോഗസ്ഥനായ പുടിന്‍ ഇത് ശീലിച്ചുപോയി എന്നാണ് പറയുന്നത്.

Share This Article