ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കി’; മാസപ്പടിക്കേസില്‍ പിണറായിക്കെതിരായ എഫ്‌ഐആര്‍ പുറത്ത്

insight kerala

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഹവാല ഇടപാടില്‍ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി.വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിച്ചേക്കും.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രതികള്‍ പരസ്പരം ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം. തനിക്കും മകള്‍ക്കും മകളുടെ കമ്പനിക്കും അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പിണറായി വിജയന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ഐടി മാര്‍ക്കറ്റിങ് സേവനങ്ങളുടെ മറവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷവും, വീണക്ക് വ്യക്തിഗതമായ അഞ്ച് ലക്ഷവും നല്‍കാന്‍ നിയമവിരുദ്ധമായി കരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

യാതൊരുവിധ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കാതെയും, ഇന്‍വോയിസുകള്‍ പോലുമില്ലാതെയും ഇവര്‍ പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധനനിയമം സെക്ഷന്‍ 13(1)(ഡി), ഐപിസി സെക്ഷന്‍ 120(ബി) ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകള്‍. ടി.വീണയുടെ കമ്പനി സേവനങ്ങള്‍ നല്‍കിയതിന് തെളിവില്ലെന്നും പിണറായിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കര്‍ത്തയില്‍ നിന്ന് പണം ലഭിക്കാന്‍ കാരണമെന്നും മൊഴിയിലുണ്ട്. ഈ തുക നിയമവിരുദ്ധ പ്രതിഫലം ആണെന്നാണ് ഇഡിയുടെ നിഗമനം. പണം കൈമാറ്റത്തിന് എക്‌സാലോജിക്, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളെ ഉപയോഗപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, മാസപ്പടിക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് നാല് റിട്ട് ഹരജികള്‍ സമര്‍പ്പിച്ചത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പിണറായിയുടെ പ്രതികരണം.

മുഹമ്മദ് റിയാസിനെതിരായ ഹവാല കേസിലും എഫ്‌ഐആര്‍ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു. റിയാസ് ഭാര്യ വീണയുമായി ചേര്‍ന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വീണയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ പണം കൈമാറിയതിന് തെളിവുകളുണ്ട്. ഡയറിയിലെ വിവരങ്ങള്‍ ഹവാല ഇടപാടിന് തെളിവാണെന്നും ദുബായ് യാത്രകള്‍ ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധന നിയമപ്രകാരമാണ് റിയാസിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, ക്രിമിനൽ കേസെടുത്തതിൽ പ്രതികളെ കേൾക്കേണ്ടതിന്റെ ആവശ്യമെന്താണെന്നാണ് കോടതിയുടെ പ്രതികരണം. വിവരങ്ങൾ നൽകിയാതാരെന്ന് പരിഗണിക്കേണ്ടതില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോയെന്നും കോടതതി ചോദിച്ചു. അപ്പീൽ പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി. പിണറായിക്ക് വേണ്ടി മുൻ എ.ജി ഗോപാലകൃഷ്ണക്കുറുപ്പ് ആണ് ഹാജരായത്. വീണയ്ക്ക് വേണ്ടി മുൻ ഡിജിപി കെ.എ ഷാജിയും റിയാസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീകുമാറും അമീൻ ഹസ്സനും ഹാജരായി.

Share This Article