ഡൽഹി: മുഖ്യാ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം . മമത ബാനർജി ഉൾപ്പെടെ കൂടുതൽ ഇന്ത്യ സഖ്യ നേതാക്കൾ ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും. നാളെ ജന്തർ മന്തറിലേക്ക് കോക്രോച്ച് ജനത പാർട്ടി മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി.
തുടർച്ചയായി രണ്ട് ദിവസം ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചെങ്കിലും ഇന്നലെ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നു. വിട്ടു നിന്ന സമാജ് വാദി പാർട്ടിയടക്കം ഇന്നലെ രാജ്ഘട്ടിലെ പരിപാടിയിൽ എത്തിയിരുന്നു. മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എംപിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആവില്ല എന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ, സമാധാനപരമായി പ്രാർത്ഥന നടത്തും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എംപിമാരെ പൊലീസ് തടഞ്ഞിരുന്നു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അറിയിക്കാനും തെരഞ്ഞെടുപ്പുകൾ അട്ടിമറിയ്ക്കുകയാണെന്നും ആരോപിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ പ്രതിപക്ഷ നീക്കം. എന്നാൽ ഇതിനുള്ള സമയം കിട്ടിയോ എന്നത് വ്യക്തമല്ല. ഇന്നും സമാനമായ ഏതെങ്കിലും ഒരു സ്ഥലത്ത് സമ്മേളിച്ച ശേഷം രാഷ്ട്രപതി ഭവനിലേക്ക് നീങ്ങാനാകും പ്രതിപക്ഷ നീക്കം

