പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം: ഇലന്തൂർ പഞ്ചായത്തിലെ തുമ്പമൺചിറ, വരട്ടുചിറ ഭാഗങ്ങളിലും, നാരങ്ങാനം പഞ്ചായത്തിൻ്റെ 12 ആം വാർഡിൽ, ഭജനമഠം ഭാഗത്തുമാണ് ഏറെ
നാശനഷ്ടങ്ങൾ ഉണ്ടായത് : ഇലന്തൂർ തുമ്പമൺതറ ഭാഗത്ത് മരം കടപുഴകി വീണ് ഒരു വീട് പൂർണമായും ആറോളം വീടുകൾ ഭാഗികമായും തകർന്നു.
ആലുവയിൽ കനത്ത മഴ; ചില റോഡുകളിൽ വെള്ളക്കെട്ട്. ആലുവയിൽ ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ആരംഭിച്ച മഴ നാലരയോടെയാണ് ശമിച്ചത്. ഈ മാസം ആലുവയിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് വിലയിരുത്തൽ. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതത്തിനും തടസ്സം നേരിട്ടു.
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ തിരുവമ്പാടി ടൗണിൽ വെള്ളം കയറി. ഉച്ചയോടെയാണ് മേഖലയിൽ മഴ ശക്തിപ്രാപിച്ചത്. ശക്തമായ മഴയെ തുടർന്ന് ടൗണിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി.

