ഡൽഹി: അത്യന്തം നാടകീയ നീക്കങ്ങളാണ് ഡൽഹിയിൽ ആകാശവാണി ഭവനിന് മുന്നിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് വാനിലാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കൊണ്ടുപോയത്. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയും അറസ്റ്റ് ചെയ്തു നീക്കി.
ഗ്യാനേഷ് കുമാറിനെ നേരിട്ട് കാണണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉറച്ചുനിന്നത്. എല്ലാവരെയും കാണാൻ കഴിയുകയില്ല എന്നും അഞ്ച് നേതാക്കളെ കാണാമെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ അതിനോട് പ്രതിപക്ഷ പാർട്ടികൾ വഴങ്ങിയില്ല. ഒടുവിൽ 15 നേതാക്കളെ കാണാമെന്ന നിലപാട് ഇലക്ഷൻ കമ്മീഷൻ അറിയിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല. മുന്നൂറോളം നേതാക്കൾ പ്രതിഷേധത്തിൽ ഉണ്ടെന്നും ഇവരെ ഒരുമിച്ച് കാണണമെന്നുമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടത്. ഒടുവിൽ പതിനഞ്ചാം തീയതിക്ക് ശേഷം കാണാം എന്ന ഇലക്ഷൻ കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ നാളെ തന്നെ കാണണമെന്ന ആവശ്യമാണ് രാഹുൽഗാന്ധി മുന്നോട്ടുവച്ചത്. ഇന്ന് രാത്രി മുഴുവൻ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് രാഹുൽഗാന്ധി അറിയിച്ചിരുന്നു. അതിനായി കിടക്ക ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ആകാശവാണി ഭവന് മുന്നിൽ എത്തിച്ചിരുന്നു. ഒന്നുകിൽ പ്രതിഷേധിക്കാൻ അനുവദിക്കുക അല്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുക എന്ന നിലപാടിൽ തന്നെയായിരുന്നു പ്രതിപക്ഷം പാർട്ടികൾ.
