മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശിപാർശ നൽകിയിരുന്നു.
2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കുന്നത്.
