പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ നിവേദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൻ്റെ സ്വതന്ത്ര ജീവിതത്തിൽ കുഞ്ഞുങ്ങൾ തടസ്സമായതിനാൽ കൊലപ്പെടുത്തി എന്നാണ് നിവേദ്യ പറയുന്നത്. തനിക്ക് തുടർന്ന് പഠിക്കാനും മോഡലിംഗ് രംഗത്ത് പ്രവർത്തിക്കാനും കുട്ടികൾ തടസ്സമെന്നാണ് മൊഴി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു.
വീട്ടിലെ കുളിമുറിയിലെ ചെറിയ സിമന്റ് വാട്ടർ ടാങ്കിലാണ് അഞ്ച് വയസുള്ള പെൺകുട്ടിയെയും മൂന്ന് വയസുള്ള ആൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ടാങ്കിൽ അബദ്ധത്തിൽ വീണാലും അഞ്ച് വയസുള്ള കുട്ടിക്ക് സ്വയം രക്ഷപ്പെടാൻ കഴിയുമായിരുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നെ എങ്ങനെ കുട്ടി മരിച്ചുവെന്ന പൊലീസിന്റെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഭർത്താവുമായി കുടുംബപ്രശ്നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നതായി സൂചനയുണ്ട്്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും നീതി വേണമെന്നും കുട്ടികളുടെ പിതാവ് പ്രതികരിച്ചിരുന്നു. നിലവിൽ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടന്നിരിക്കുകയാണ്.

